അഗ്രഹാരത്തില്‍ വാസ്തുശാസ്ത്രം എത്രത്തോളം പ്രയോജനപ്പെടുത്താന്‍ സാധിക്കും?
സാധാരണ നിലവിലുള്ള പല അഗ്രഹാരത്തിനും അമ്പതു ശത മാനം മാത്രമേ വാസ്തുശാസ്ത്രപരമായി കണക്കെടുക്കാന്‍ സാധി ക്കുകയുള്ളു. അഗ്രഹാര തെരുവില്‍ പല വീടിനും മുമ്പിലെ പ്രവേശനകവാടം കഴിഞ്ഞാല്‍ പിറകില്‍ ഇറങ്ങാനുള്ള വഴി മാത്രമെ ഉണ്ടാകാറുള്ളു. വീടിന്റെ രണ്ടു ഭാഗവും അടുത്ത വീടിന്റെ ചുമരുകള്‍ കൊണ്ടു മറഞ്ഞിരിക്കും. ഇക്കാരണത്താല്‍ അവശ്യം വേണ്ട ഊര്‍ജം ഈ വീടുകളില്‍ കിട്ടാറില്ല. ഒന്നിലധികം വീടുകള്‍ക്ക് ഒരു മേല്‍ക്കൂരയാണുള്ളത്. ചില വീടുകള്‍ക്കു മച്ചിന്റെ പുറത്ത് (തട്ടിന്‍പുറത്ത്) മുറികള്‍ ഉണ്ടായിരിക്കും. ഇവിടെയും ആവശ്യത്തിനുവേണ്ട ജനലുകളും വാതിലുകളും ഉണ്ടാകാറില്ല. എന്നാല്‍ ചില വീടുകള്‍ക്കു പൂമുഖ വാതില്‍ കഴിഞ്ഞാല്‍ ഇടതും വലതും മുറികളും സൈഡ് വശത്തു ചെറിയ ഓപ്പണ്‍ സ്‌പേസും കാണാറുണ്ട്. ഈ വീടുകള്‍ക്കു പ്രത്യേകം പ്രത്യേകം മേല്‍ക്കൂരയും ഉണ്ട്. ചുരുക്കത്തില്‍ അഗ്രഹാരത്തിനു ഇരുവശവും അടഞ്ഞിരിക്കുന്നതിനാല്‍ വാസ്തുശാസ്ത്രപരമായ കണക്കുകള്‍ ശരിയാവുകയില്ല.
കുട്ടികളുടെ പഠനം, ആരോഗ്യം എന്നിവ നിലനിര്‍ത്തുന്നതിന് ഗൃഹത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍?
കുട്ടികളുടെ പഠനമുറികള്‍ കിഴക്കുവശത്തോ, പടിഞ്ഞാറു വശത്തോ വരുന്നതാണ് ഉത്തമം. പഠനത്തിനുള്ള മേശയും കസേ രയും ഒന്നുകില്‍ കിഴക്കോട്ടു നോക്കി ഇടണം. അല്ലെങ്കില്‍ പടിഞ്ഞാറോട്ടു നോക്കി ഇടണം. പുലര്‍ച്ചേ കിഴക്കോട്ടു നോക്കിയിരുന്ന് പഠിക്കുന്നത് വളരെ നല്ലതാണ്. പടിഞ്ഞാറോട്ടു നോക്കിയിരുന്ന് പഠിക്കുന്നത് സന്ധ്യക്കു ശേഷവും നല്ലതാണ്.അവരുടെ മുറി രൂപകല്‍പ്പന ചെയ്യുമ്പോള്‍ സമചതുരമായി ഇരിക്കുന്നതാണ് ഉത്തമം. കട്ടില്‍ ഇടുന്നത് കിഴക്കോട്ടു തലവച്ചു കിടക്കുന്ന രീതിയിലായിരിക്കണം. വാതില്‍ തുറക്കുന്ന ദിശയില്‍ തലവച്ചു കിടക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളുടെ അലമാരകള്‍ വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് തുറക്കുന്ന രീതിയില്‍ ക്രമീകരിക്കണം. എട്ടു വയസ്സ് പ്രായം ചെന്നാല്‍ കുട്ടികള്‍ ആണായാലും പെണ്ണായാലും പ്രത്യേകം മുറിയില്‍ കിടത്തി ശീലിപ്പിക്കേണ്ടതാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍പ്പിച്ചു പഠിപ്പിക്കുന്നത് ഏറ്റവും ഉത്തമമാണ്.
ആരൂഢക്കണക്കുള്ള പഴയ തറവാടു വീടിനോടു ചേര്‍ത്ത് കോണ്‍ക്രീറ്റ് ബില്‍ഡിംഗ് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
പണ്ടത്തെ വാസ്തുശാസ്ത്ര നിയമങ്ങള്‍ പരിപൂര്‍ണമായി ഉള്‍ക്കൊണ്ട്, പണിഞ്ഞിട്ടുള്ള ആരൂഢക്കണക്കിലുള്ള വീടുകളോട് ചേര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടം പണിയുന്നതിനു വേണ്ടി പഴയ കെട്ടിടത്തിന്റെ കഴുക്കോലുകള്‍ അറുത്തു മുറിച്ചു മാറ്റി കെട്ടിടം ചേര്‍ത്തു പണിയുന്നത് വളരെ ആപത്ക്കരമാണ്. ഒന്നുകില്‍ പഴയ കെട്ടിടം പരിപൂര്‍ണമായി പൊളിച്ചുമാറ്റുക. അല്ലെങ്കില്‍ ഊര്‍ജപ്രവാഹത്തിന് തടസം വരാത്ത രീതിയിലുള്ള ക്രമീക രണം നടത്തി പഴയവീടിന് ക്ഷതം സംഭവിക്കാതെ വാസ്തുനിയമപ്രകാരമുള്ള അളവുകള്‍ക്ക് വിധേയമായി പുതിയ ഗൃഹം ചേര്‍ത്തു പണിയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഇക്കാലത്ത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണ്. ആയതിനാല്‍ സ്ഥലം ഉണ്ടെങ്കില്‍ ചെറിയ വീടാണെങ്കിലും പഴയതിനോടു ചേര്‍ക്കാതെ പുതിയ ഗൃഹം പണിയുന്നതാണ് ആരോഗ്യത്തിനും ഐശ്വര്യത്തിനും സമ്പത്തിനും ദീര്‍ഘായുസ്സിനും നല്ലത്.
നിലവിലുള്ള സ്ഥലത്തോടും വീടിനോടും ചേര്‍ന്ന് സ്ഥലം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
താമസിച്ചുകൊണ്ടിരിക്കുന്ന വീടിനോടു ചേര്‍ത്ത് സ്ഥലം വാങ്ങുമ്പോള്‍ ഒന്നുകില്‍ വടക്കുഭാഗത്ത് വരുന്ന ഭൂമിയോ അല്ലെങ്കില്‍ കിഴക്കുഭാഗത്ത് വരുന്ന ഭൂമിയോ വാങ്ങുന്നതു നല്ലതാണ്. ഇങ്ങനെ ഭൂമി വാങ്ങിയിരുന്നാലും നിലവിലുള്ള വീടിന്റെ കോമ്പൗണ്ട് ഇടിച്ചു മറ്റതിനോടു ചേര്‍ത്തു ദീര്‍ഘിപ്പിക്കുമ്പോള്‍ അളവുകളുടെ കണക്ക് പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കില്‍ നിലവില്‍ ഉണ്ടായി രുന്ന ഊര്‍ജ ലെവലിനു മാറ്റം സംഭവിക്കുകയും അത് ആ ഗൃഹത്തില്‍ വസിക്കുന്നവരെ ബാധിക്കുകയും ചെയ്യും. തെക്കും പടിഞ്ഞാറും ഒരു കാരണവശാലും കോമ്പൗണ്ട് മതില്‍ ഇടിച്ചു സ്ഥലം വാങ്ങി നീട്ടുന്നത് അപകടകരമാണ്. നല്ല ഭൂമി ആണെങ്കില്‍ കിഴക്കും വടക്കും വാങ്ങി ചേര്‍ക്കുന്നതില്‍ തെറ്റില്ല. വീട്ടു കോമ്പൗണ്ടിനോടു ചേര്‍ത്ത് റബ്ബര്‍ മരങ്ങള്‍ വളര്‍ത്തുന്നത് നല്ലതല്ല. പണ്ടു കാലത്ത് പറഞ്ഞിട്ടുള്ള വൃക്ഷങ്ങള്‍ തന്നെയാണു വീടിനു ചുറ്റും കോമ്പൗണ്ടിനകത്തും നിലനിര്‍ത്തേണ്ടത്.
വാസ്തുശാസ്ത്രപരമായി വീടിന്റെ മുറ്റത്ത് കുഴികള്‍ പാടില്ല, വീടിനകത്ത് മൂലകളില്‍ ശുചിമുറി നിര്‍മിക്കുവാന്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
ഒരു വീടിനാവശ്യമായ ഊര്‍ജപ്രവാഹം വരുന്നത് കുഴികള്‍ ഉണ്ടെങ്കില്‍ ഇതുവഴി ഭൂമിയിലേക്ക് പോവാന്‍ സാധ്യതയുണ്ട്. വീടിന്റെ മൂലകളില്‍ ശുചിമുറി പണിഞ്ഞിരുന്നാല്‍ വീടിന് ചുറ്റും സഞ്ചരിച്ച് വരുന്ന ഊര്‍ജപ്രവാഹവും ഇതുപോലെയാവും. വീടിനുള്ളില്‍ ശുചിമുറികള്‍ പണിയുമ്പോള്‍ ക്ലോസറ്റ് ഒന്നുകില്‍ തെക്ക് വടക്കായോ വടക്ക് തെക്കായോ വരത്തക്കരീതിയില്‍ സ്ഥാപിക്കണം. ഷവര്‍, ടാപ്പുകള്‍ എന്നിവ വടക്ക് ഭാഗവും പടി ഞ്ഞാറ് ഭാഗവും ആയിരിക്കണം. ഹീറ്ററുകള്‍ സ്ഥാപിക്കുന്നത് ശുചിമുറിയുടെ തെക്കുകിഴക്കേ മൂലയിലാവണം. വെള്ളം പുറത്തോട്ടു കളയുന്നത് വടക്കോട്ടോ, കിഴക്കോട്ടോ ആകുന്നത് ഉത്തമം. തെക്ക് ഭാഗത്തേക്ക് മലിനജലം ഒരു കാരണവശാലും ഒഴുക്കിവിടരുത്. വീടിനകത്തുള്ള ശുചിമുറികള്‍ വാസ്തുശാസ്ത്രപരമായി നിര്‍മിക്കുന്നതാണ് നല്ലത്.
വീടിന്റെ മുമ്പില്‍ തുളസിത്തറ കെട്ടുന്ന രീതി എങ്ങനെയാണ്? ഫഌറ്റുകള്‍ക്ക് തുളസിത്തറ ഏതു രീതിയില്‍ ക്രമീ കരിക്കും?
വീടിന്റെ തറലെവലും തുളസിത്തറയുടെ തറലെവലും സമമായിരിക്കണം. കിഴക്ക് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പൂമുഖവാതിലിന് നേരേ തുളസിത്തറ കൊടുക്കാതെ അല്‍പ്പം വടക്ക് ഭാഗത്തേക്ക് മാറ്റി കൊടുക്കുക. തെക്ക് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പൂമുഖവാതിലില്‍നിന്നും കിഴക്കോട്ട് മാറ്റി കൊടുക്കുക. പടിഞ്ഞാറ് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പൂമുഖവാതിലില്‍ നിന്നും വടക്ക് ഭാഗത്തേക്ക് മാറ്റി കൊടുക്കുക. വടക്ക് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പൂമുഖവാതിലില്‍നിന്നും കിഴക്ക് ഭാഗത്തേക്ക് മാറ്റി കൊടുക്കുക. തുളസി നട്ട് പരിപാലിച്ച് വരുമ്പോള്‍ ഒരു കാരണവശാലും തുളസി നശിച്ച് പോകുവാനുള്ള സാഹചര്യം ഉണ്ടാകരുത്. ഒരു തുളസി ചെടി കാലാവധി തീരാറാകുമ്പോള്‍ത്തന്നെ മറ്റൊരു ചെടി വച്ച് വളര്‍ത്തി എടുക്കേണ്ടതാണ്. തുളസിത്തറയില്‍ വിളക്ക് കത്തി ക്കുന്നതും അതിനുചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നതും നല്ലതാണ്.
ഫഌറ്റുകള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒന്നുംതന്നെ സ്വീകാര്യമല്ല. സൂര്യപ്രകാശം കൂടുതല്‍ കിട്ടുന്ന ഭാഗത്ത് ഓപ്പണ്‍ ബാല്ക്കണിയില്‍ റെഡിമെയ്ഡ് തുളസിത്തറ വാങ്ങി അതില്‍ തുളസിനട്ട് പരിപാലിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക