ബോളിവുഡ് സിനിമയിലെ ഗാനങ്ങളെ കാലത്തിന് മറക്കാനാവാത്ത കവിതകളാക്കി മാറ്റിയെന്നതാണ് ഗുല്‍സാര്‍ എന്ന കവിയുടെ സവിശേഷത. ഉറുദുവില്‍ സ്ഥിരമായി കവിതകളും ശായരികളും എഴുതുന്ന ഗുല്‍സാറിന് ഹിന്ദി സിനിമയിലെ ഗാനരംഗങ്ങള്‍ക്ക് ഉചിതമായ ഗാനങ്ങള്‍ രചിക്കുക എന്നത് എളുപ്പമായിരുന്നു.
ഇപ്പോള്‍ 58ാമത് ജ്ഞാനപീഠപുരസ്കാരത്തിന് ഗുല്‍സാറിനെ തെരഞ്ഞെടുത്തത് പക്ഷെ സിനിമാഗാനങ്ങളുടെ പേരിലല്ല. “സിനിമാഗാനങ്ങളുടെപേരിലാണ് ജ്ഞാനപീഠം എന്നാണ് കരുതിയത്. പിന്നീടാണ് അറിഞ്ഞത്, അത് ഉറുദു കവിതയ്‌ക്കും ശായരിയ്‌ക്കും ആണെന്ന്. അതില്‍ സന്തോഷം തോന്നി”- ഗുല്‍സാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.
എന്താണ് ശായരി? കവിത എന്ന് തന്നെയാണ് ഈ വാക്കിന് അര്‍ഥം. കവിതയുടെ വരികളില്‍ പ്രത്യേകശബ്ദം ആവര്‍ത്തിക്കുന്നു എന്നതാണ് പ്രത്യേകത. അത് ആ കവിതയെ സംഗീതമയമാക്കുന്നു. പ്രകൃതി, പ്രണയം, മനുഷ്യബന്ധങ്ങളിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവയെല്ലാം ശായരിക്ക് വിഷയമാകും. ശായരികള്‍ എത്രയോ എഴുതിക്കൂട്ടിയ ഗുല്‍സാറിനെ സംബന്ധിച്ച് സിനിമാഗാനങ്ങള്‍ എഴുതുക നിസ്സാരം.
ആനെവാല പല്‍ ജാനെ വാല ഹെ (സിനിമ: ഗോല്‍മാല്‍)
അദ്ദേഹം ഗോല്‍മാല്‍ എന്ന സിനിമയില്‍ എഴുതിയ ഗാനം ആര്‍ഡി ബര്‍മ്മന്‍ ഈണമിട്ട് കിഷോര്‍ കുമാര്‍ പാടിയത് കാവ്യഭംഗി തുളുമ്പുന്ന ഒന്നാണ്.
“ആനെവാല പല്‍ ജാനെ വാല ഹെ…” (ഈ വരുന്ന നിമിഷവും കടന്നുപോകാനുള്ളതാണ്. കഴിയുമെങ്കില്‍ ആ നിമിഷത്തിനുള്ളില്‍ ജീവിക്കൂ. കടന്നുപോകാന്‍ പോകുന്ന ഈ നിമിഷത്തില്‍…). ഭൂതകാലത്തെക്കുറിച്ച് ദുഖിക്കാതെ, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ഈ നിമിഷത്തില്‍ തന്നെ ജീവിക്കൂ എന്ന ഭാരതീയ വേദാന്ത ദര്‍ശനം തന്നെയാണ് ഇതില്‍. അതിനെ പ്രണയത്തിലേക്ക് ചാലിച്ചെടുക്കുന്നതിലാണ് ഗുല്‍സാറിലെ കാവ്യമാന്ത്രികന്റെ മിടുക്ക്.
തേരെ ബിനാ സിന്ദഗി സെ കോയീ (സിനിമ: ആന്ധി)
ആന്ധി എന്ന ചിത്രത്തില്‍ ലതാമങ്കേഷ്കര്‍ പാടിയ തേരെ ബിനാ സിന്ദഗി ആര്‍ക്കാണ് മറക്കാനാവുക. പ്രണയത്തിന്റെ തീവ്രതുടിപ്പുകള്‍ ആ വരികളില്‍ നിറഞ്ഞുനില്‍ക്കുന്നു. തേരാ ബിന സിന്ദഗി സെ കോയീ….തേരാബിനാ സിന്ദഗി ബി ലേകിന്‍ , സിന്ദഗി തോ നഹീ….(നിയില്ലാത്ത ജീവിതത്തെക്കുറിച്ച് എനിക്ക് പരാതിയൊന്നുമില്ല. പക്ഷെ നീ കൂടെയില്ലാത്ത ജീവിതം ഒരു ജീവിതമാണോ?) കാമുകിയുടെ ഈ ചോദ്യത്തിന് മുന്നില്‍ ഏത് നിഷ്ഠുരകാമുകന്റെയും മനമലിഞ്ഞുപോകും.
മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ (സിനിമ: മേരേ കുച് സമാന്‍)
നഷ്ടപ്രണയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയ എത്രയോ ഗാനങ്ങള്‍ പ്രശസ്തമാണ്. അതില്‍ ഇജാസത് എന്ന സിനിമയിലെ ഗാനം പ്രണയനഷ്ടത്തിന്റെ വേദനയാണ് കുറിക്കുന്നത്. വരികള്‍ ഇങ്ങിനെ: “മേരാ കുച്ഛ് സാമാൻ തുംഹാരേ പാസ് പഢാ ഹേ സാവൻ കേ കുച്ഛ് ഭീഗേ ഭീഗേ ദിൻ രഖേ ഹേ” -എന്റെ മഴയിൽ കുതിർന്ന കുറെ വർഷകാല ദിനങ്ങൾ ഉള്‍പ്പെടെയുള്ള ആ ചെറിയ ചെറിയ സാധനങ്ങള്‍ എനിക്ക് തിരിച്ചുതരൂ എന്നാണ് കാമുകി പാടുന്നത്. ഓർമ്മകൾ മുഴുവൻ ഊതിക്കെടുത്തി ആ രാത്രി തിരിച്ചുതരാനാവുമോ എന്നും കാമുകിയോട് ചോദിക്കുന്നു.
തുജ്സെ നാറാസ് നഹീ (സിനിമ: മൗസും)
മൗസും എന്ന ചിത്രത്തില്‍ അനുപ് ഗോഷായി പാടിയ തുജ്സെ നറസ് നഹീ…ജീവിതത്തിലെ തിരിച്ചടികള്‍, വെല്ലുവിളികള്‍….അവ പുഞ്ചിരിയോടെ മറികടക്കുന്ന നിമിഷങ്ങള്‍…ഈ പാട്ടിലെ ഈ വരികള്‍ നോക്കൂ
ജീനേ കെ ലിയേ സോചാ ഹി നഹി ദര്‍ദ് സംബാലനാ ഹോംഗേ….(ജീവിക്കണമെങ്കില്‍ വേദന കടിച്ചമര്‍ത്തണമെന്ന് ഞാന്‍ ഒരിയ്‌ക്കലും കരുതിയില്ല. ഒരു പുഞ്ചിരിയ്‌ക്ക് ഇത്രയും വിലകൊടുക്കേണ്ടി വരുമെന്ന് ഒരിയ്‌ക്കലും കരുതിയില്ല…)
നാം ഗും ജായേഗ (സിനിമ: കിനാര)
കിനാര എന്ന ചിത്രത്തിലെ നാം ഗും ജായേഗ എന്ന ഗാനം പ്രശസ്തിയുടെ നിസ്സാരതയാണ് പറയുന്നത്.
നാം ഗും ജായേഗാ
ചെഹ് രാ യേ ബദല്‍ ജായേഗാ
മേരി ആവാജ് ഹി പെഹ്ചാന്‍ ഹൈ
ഗര്‍ യാദ് ഹീ
(എന്റെ പേര് മറക്കപ്പെടും, കാലം എന്റെ മുഖത്തെയും മായ്‌ക്കും. )
ആപ് കീ ആംഘോം മേം (സിനിമ: ഘര്‍)
ആപ് കീ ആംഘോം മേം എന്ന ഘര്‍ എന്ന ചിത്രത്തിലെ കിഷോര്‍ കുമാറും ലതാ മങ്കേഷ്കറും ചേര്‍ന്ന് പാടിയ ഗാനം പ്രണയത്തിന്റെ സൗന്ദര്യവും ആഴവും പറയുന്നു.
ആപ് കീ ആംഘോം മേം കുച് മെഹ് കെ ഹുവെ സെ റാസ് ഹെ
ആപ് സെ ബി ഖുബ് സൂരത്ത് ആപ് കെ അന്താസ് ഹെ…
(നിന്റെ കണ്ണുകളില്‍ രസിപ്പിക്കുന്ന രഹസ്യങ്ങളുണ്ട്, നിന്റെ വ്യക്തിത്വം നിന്റെ സൗന്ദര്യത്തിനും അപ്പുറമാണ്. )
ഹിന്ദി സിനിമയിലെ ശ്രദ്ധേമായ അനവധി ഗാനങ്ങള്‍ രചിച്ച ഗുല്‍സാര്‍ ഉറുദുവിലെ പ്രധാനകവികളില്‍ ഒരാളാണ്. 2002-ല്‍ ഉര്‍ദുവിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്, 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, 2004-ല്‍ പത്മഭൂഷണ്‍, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുല്‍സാറിന് ലഭിച്ചിട്ടുണ്ട്.
ഇന്ത്യാ വിഭജനക്കാലത്ത് ഗുല്‍സാറിന്റെ കുടുംബം ചിതറി. പക്ഷെ ഗുല്‍സാര്‍ പാകിസ്ഥാന്‍ ഭാഗത്ത് നിന്നും ഇന്ത്യയിലെ മുംബൈയിലേക്ക് കുടിയേറി. സ്കൂള്‍കുട്ടിയായിരിക്കേ പഠിച്ച രവീന്ദ്രനാഥ ടാഗൂറിന്റെ കവിതകളായിരുന്നു ഗുല്‍സാറിലെ കവിയെ ഉണര്‍ത്തിയത്. എസ് ഡി ബര്‍മ്മന്‍ എന്ന സംഗീതസംവിധായകന് വേണ്ടി തൂലിക ചലിപ്പിച്ചുകൊണ്ടാണ് തുടക്കം. പിന്നീട് ആര്‍ഡി ബര്‍മ്മന്‍, സലില്‍ ചൗധരി മുതല്‍ വിശാല്‍ ഭരദ്വാജ്, എ.ആര്‍. റഹ്മാന്‍ എന്നിവര്‍ക്കൊപ്പമെല്ലാം ഗാനങ്ങള്‍ രചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: