ദുബായ്: ദുബായിലെ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ രണ്ട് വർഷത്തിനിടയിൽ 2 ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 22-ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’. 172 രാജ്യങ്ങളിൽ നിന്നുള്ള 2 ദശലക്ഷത്തിലധികം പേരാണ് ഇതുവരെ മ്യൂസിയം സന്ദർശിച്ചിരിക്കുന്നത്. നൂതനസാങ്കേതികത, ഭാവി വിഭാവനം ചെയ്യൽ തുടങ്ങിയ മേഖലകളിൽ ആഗോള തലത്തിൽ തന്നെ ഒരു പ്രധാന കേന്ദ്രമാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’.
ആദ്യ രണ്ട് വർഷങ്ങൾക്കിടയിൽ ആഗോളതലത്തിലുള്ള 280-ൽ പരം ചടങ്ങുകൾക്കും, പരിപാടികൾക്കും ഈ മ്യൂസിയം വേദിയായി. സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം, സംരംഭകത്വം, ബഹിരാകാശശാസ്ത്രം, ടൂറിസം, സംസ്കാരം മുതലായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ് മ്യൂസിയം ആതിഥേയത്വം വഹിച്ചത്.
30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.
സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്‌ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടന വേളയിൽ വിശേഷിപ്പിച്ചത്.
2022 ഫെബ്രുവരി 22നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: