കൊൽക്കത്ത: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖുമായി ബന്ധപ്പെട്ട വ്യവസായികളുടെ വസതികളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതായി റിപ്പോർട്ട്. ഹൗറ, ബിജോയ്ഗഡ്, ബിരാതി എന്നിവയുൾപ്പെടെ നഗരത്തിലും പരിസരത്തും അഞ്ച് വ്യത്യസ്ത സ്ഥലങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇഡി റെയ്ഡുകൾ നടത്തുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു.
ഷാജഹാൻ ഷെയ്ക്കിനും കൂട്ടാളികൾക്കും എതിരായ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡുകൾ. ഇവർ ഷാജഹാനൊപ്പം മത്സ്യവ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ചില പ്രത്യേക രേഖകൾക്കായി ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നാണ് റിപ്പോർട്ട്. ജനുവരി 5 ന് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിലുള്ള ഷാജഹാന്റെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ച ഇഡി ഉദ്യോഗസ്ഥരുടെ സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.
ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ പോലീസും ഷെയ്ഖിന്റെ കുടുംബാംഗങ്ങളും പരാതി നൽകിയിരുന്നു.
അന്നുമുതൽ ഷാജഹാൻ ഒളിവിലായിരുന്നു. മത്സ്യവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷാജഹാനും കൂട്ടരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും ബലപ്രയോഗത്തിലൂടെ ഭൂമി തട്ടിയെടുക്കുകയും ചെയ്തതായി പ്രാദേശിക സ്ത്രീകൾ ആരോപിച്ചതിന് പിന്നാലെയാണ് സന്ദേശ്ഖാലി ദേശീയ വാർത്തകളിൽ ഇടം നേടിയത്.
രണ്ട് ടിഎംസി നേതാക്കളും ഷാജഹാന്റെ അടുത്ത അനുയായിയും ഉൾപ്പെടെ 18 പേരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: