ന്യൂദല്‍ഹി: നെഹ്രു കുടുംബാംഗമെന്ന നിലയില്‍ മാത്രം കോണ്‍ഗ്രസ് നേതൃപദവിയില്‍ തുടരുന്ന രാഹുലിന്റെ പ്രവര്‍ത്തന രീതികളോടുള്ള ഭിന്നത മൂലം പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ നിരവധി. പത്തുവര്‍ഷത്തിനിടെ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മറ്റു പാര്‍ട്ടികളിലേക്ക് മാറിയത് പത്ത് മുന്‍മുഖ്യമന്ത്രിമാരാണ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ എണ്ണം ചര്‍ച്ചയാവുന്നത്.
2016ല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന പേമ ഖണ്ഡു കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദോര്‍ജെ ഖണ്ഡുവിന്റെ മകനായ പേമ ഖണ്ഡു 2016ല്‍ ആദ്യം പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്കും പിന്നീട് ബിജെപിയിലേക്കും എത്തുകയായിരുന്നു. ഹൈക്കമാന്‍ഡുമായുള്ള ഭിന്നതകളാണ് പേമ ഖണ്ഡുവിനെ ബിജെപിയിലെത്തിച്ചത്. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ 2016ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്‌ക്കുന്നത്. മുന്‍ യുപി മുഖ്യമന്ത്രി എച്ച്.എന്‍. ബഹുഗുണയുടെ മകന്‍ കൂടിയായ വിജയ് ബഹുഗുണയുടെ രാജിയോടെ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഇല്ലാതായി. മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍.ഡി. തിവാരി 2017ലാണ് കോണ്‍ഗ്രസ് വിട്ടത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രധാന കോണ്‍ഗ്രസ് നേതാവുമായ എസ്.എം കൃഷ്ണയും 2017ല്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി.
ഗോവയിലെ രണ്ട് കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരാണ് കോണ്‍ഗ്രസില്‍ നിന്ന് അടുത്തകാലത്ത് രാജിവെച്ചത്. ദിഗംബര്‍ കാമത്തും രവി നായക്കും. ഇരുവരും ബിജെപി
എംഎല്‍എമാരാണിപ്പോള്‍. പഞ്ചാബിലെ കോണ്‍ഗ്രസിന്റെ മുഖവും കരുത്തുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് 2022ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിന് വേണ്ടി ഹൈക്കമാന്‍ഡ് ക്യാപ്റ്റനെ പുറത്താക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ അസ്ഥിരതകള്‍ക്ക് ശേഷം പഞ്ചാബ് ഭരണവും കോണ്‍ഗ്രസിന് നഷ്ടമായി.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെയും നെഹ്‌റു കുടുംബത്തിന്റെയും ഏറ്റവും വിശ്വസ്തനായ ഗുലാംനബി ആസാദിന്റെ രാജിയാണ് ഏറെ നടുക്കിയത്. രാഹുലിന്റെ പ്രവര്‍ത്തന രീതികളില്‍ അതൃപ്തി പ്രകടിപ്പിച്ച് പാര്‍ട്ടിവിട്ട ഗുലാംനബി സ്വതന്ത്ര പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും മാത്രമായിരുന്നില്ല കോണ്‍ഗ്രസിന് ഗുലാംനബി ആസാദ്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ പ്രവേശിച്ചത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും സംസ്ഥാനത്തെ പ്രമുഖ നേതാവുമായിരുന്ന അശോക് ചവാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബിജെപിയിലെത്തിയത്. മഹാരാഷ്‌ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി ചവാന്‍ മത്സരിക്കുന്നുമുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുല്‍ മൂലം പാര്‍ട്ടി വിട്ടതോടെ അതതു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇല്ലാതായി എന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. പാര്‍ട്ടി വിട്ട് ബിജെപിയിലെത്തി പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയായ ആസാമിലെ ഹിമന്ത ബിശ്വശര്‍മ്മ അടക്കമുള്ള നേതാക്കളും എംപിയും കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിക്കുന്ന ജ്യോതിരാദിത്യസിന്ധ്യ പോലുള്ളവരും അര്‍ഹിച്ച പദവികള്‍ നെഹ്‌റു കുടുംബത്തിന്റെ സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ടവരാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ഈ പട്ടികയില്‍ ഇനിയും നേതാക്കള്‍ വര്‍ദ്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: