റാഞ്ചി: ഭാരതവും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റിന് ഇന്ന് റാഞ്ചിയില്‍ തുടക്കം. ഭാരത ടീമില്‍ ജസ്പ്രീത് സിങ് ബുംറയ്ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. പകരം മുഹമ്മദ് സിറാജിനൊപ്പം പേസ് ബൗളറായി മുകേഷ് കുമാര്‍ ആയിരിക്കും ഇറങ്ങുക. ഇംഗ്ലണ്ട് ടീമിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പേസ് ബൗളര്‍ മാര്‍ക്ക് വുഡിനെയും ലെഗ് സ്പിന്നര്‍ റെഹാന് അഹമ്മദിനെയും ഒഴിവാക്കി. പകരം പേസ് ബൗളര്‍ ഓലീ റോബിന്സണിനെയും ഓഫ് സ്പിന്നര്‍ ഷോയിബ് ബഷീറിനെയും ഉള്‍പ്പെടുത്തി.
വിസാഗ് ടെസ്റ്റില്‍ കളിച്ച ഷോയിബ് ബഷീര്‍ നാല് വിക്കറ്റുകള്‍ നേടിയിരുന്നു. ഭാരത നായകന് രോഹിത് ശര്‍മ, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരടക്കമുള്ള താരങ്ങളുടെ വിക്കറ്റാണ് നേടിയത്. അതേ സമയം പരമ്പരയില്‍ ഇതുവരെ മങ്ങിയ പ്രകടനവുമായി തുടരുന്ന ജോണി ബെയര്‍സ്റ്റോവിനെ നിലനിര്‍ത്തിയിട്ടുണ്ട്. നാലാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലണ്ടിനായി നായകന് ബെന്‍ സ്റ്റോക്സ് നെറ്റ്സില്‍ ബൗളിങ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മാറി നിന്ന ശേഷം തിരികെയെത്തിയ സ്റ്റോക്സ് ഇതുവരെ ബൗള്‍ ചെയ്തിട്ടില്ല. പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സ്ഥിതിയനുസരിച്ച് ബൗളിങ്ങിന് സജ്ജമാകാനുള്ള ഒരുക്കത്തിലാണ് നായകന്. കഴിഞ്ഞ ആഷസ് പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ഓലീ റോബിന്‍സണ്‍ കളിക്കാനിറങ്ങുന്നത്. പുറംവേദനയെ തുടര്‍ന്ന് താരം വിട്ടുനില്‍ക്കുകയായിരുന്നു.
പരമ്പരയില്‍ ഇതുവരെയുള്ള മൂന്ന് കളികളില്‍ 2-1ന് ഭാരതം ആണ് മുന്നിട്ടു നില്‍ക്കുന്നത്. ഹൈദരാബാദ് നടന്ന ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. റാഞ്ചിയില്‍ ആരംഭിക്കുന്ന നാലാം ടെസ്റ്റ് തോല്ക്കാതിരിക്കുകയെന്നതാണ് ഇംഗ്ലണ്ടിന് മുന്നിലുള്ള വലിയ വെല്ലുവിളി. മത്സരം പരാജയപ്പെട്ടാല്‍ ഭാരതം പരമ്പര ഉറപ്പിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
ഇംഗ്ലണ്ട് ടീം: സാക് ക്രൗളി, ബെന്‍ ഡക്കറ്റ്, ഓലീ പോപ്പ്, ജോ റൂട്ട്, ജോമി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്(ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്(വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്ട്ലി, ഓലീ റോബിന്‍സണ്‍, ജെയിംസ് ആന്ഡേഴ്സണ്, ഷോയിബ് ബഷീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: