ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ ലീഡുയര്‍ത്തി ലിവര്‍പൂള്‍. ബുധനാഴ്ച രാത്രി സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലുട്ടണ്‍ ടൗണിനെ തകര്‍ത്താണ് ലിവര്‍പൂളിന്റെ കുതിപ്പ്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ചെമ്പടയുടെ പടയോട്ടം. ഇതോടെ 26 കളിയില്‍ 60 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള വ്യത്യാസം നാലാക്കി ഉയര്‍ത്താനുമായി.
പരിക്കിന്റെ പിടിയിലായ അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്, ഡീഗോ ജോട്ട, കോര്‍ട്ടിസ് ജോണ്‍സ്, ഗോള്‍കീപ്പര്‍ അലിസണ്‍ ബക്കര്‍ തുടങ്ങി പ്രധാന താരങ്ങളില്ലാതെയാണ് ചെമ്പട ഇറങ്ങിയത്. ഈജിപ്യന്‍ താരം മുഹമ്മദ് സലയും ടീമിലുണ്ടായിരുന്നില്ല. എന്നിട്ടും കളിയില്‍ പൂര്‍ണ ആധിപത്യം ലിവര്‍പൂളിനായിരുന്നു. പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലുമെല്ലാം മുന്‍ ചാമ്പ്യന്‍മാരായിരുന്നു മുന്നില്‍. 13 തവണയാണ് ചെമ്പട ലുട്ടന്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ഗോളടിച്ചത് ലുട്ടണ്‍ ടൗണായിരുന്നു. ചിഡോസി ഒഗ്ബെനെയാണ് ലിവര്‍പൂളിനെ ഞെട്ടിച്ച് ആദ്യ ഗോളടിച്ചത്. ഈ ഗോളിന് ലുട്ടണ്‍ ടൗണ്‍ ആദ്യ പകുതിയില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സമനില ഗോളിനായി ലിവര്‍പൂള്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ആദ്യപകുതിയില്‍ അവര്‍ക്ക് അതിനായില്ല. ഇതിനിടെ ലൂയിസ് ഡയസ് രണ്ട് അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ കണക്കുകൂട്ടി തന്നെയാണ് മൈതാനത്തിറങ്ങിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 56-ാം മിനിറ്റില്‍ സമനില ഗോള്‍ നേടി. വിര്‍ജില്‍ വാന്‍ ഡിക്കിന്റെ ഹെഡര്‍ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. മക് അലിസ്റ്റര്‍ എടുത്ത കോര്‍ണര്‍ കിക്കാണ് വാന്‍ ഡിക്ക് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചത്്. രണ്ട് മിനിറ്റിനുശേഷം അവര്‍ ലീഡും നേടി. ഇത്തവണയും അവസരമൊരുക്കിയത് മക് അലിസ്റ്ററും ഹെഡ്ഡറിലൂടെ ഗോളടിച്ചത് കോഡി ഗാക്പോയും. പിന്നീട് 71-ാം മിനിറ്റില്‍ അവര്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി. ലൂയിസ് ഡയസാണ് ഇത്തവണ ലക്ഷ്യം കണ്ടത്. 90-ാം മിനിറ്റില്‍ ഹാര്‍വെ എലിയറ്റും ലക്ഷ്യം കണ്ടതോടെ ലിവര്‍പൂളിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: