Categories: India

സ്വന്തം വീഴ്ച മറയ്‌ക്കാന്‍ ബിജെപിക്ക് എതിരെ കോണ്‍ഗ്രസ്, ലക്ഷ്യം സഹതാപം

Published by

ന്യൂദല്‍ഹി: ആദായ നികുതി വകുപ്പ് 65 കോടി രൂപ പിഴ ഈടാക്കിയ സംഭവത്തില്‍ മുഖം രക്ഷിക്കാന്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയ്‌ക്ക് ബിജെപിക്കെതിരേ വിമര്‍ശനമുന്നയിക്കുകയാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെയും മറ്റും തെറ്റിദ്ധരിപ്പിക്കാനും സഹതാപം സൃഷ്ടിക്കാനുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കാതിരിക്കാനാണ് ഇതെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കുറ്റപ്പെടുത്തല്‍. കോണ്‍ഗ്രസും രാജ്യം ഭരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയോ യുപിഎ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നുണ്ടായ ഇത്തരം ഒരനുഭവമെങ്കിലും ബിജെപിക്കു ചൂണ്ടിക്കാട്ടാന്‍ കഴിയുമോ എന്നുമായിരുന്നു വേണുഗോപാലിന്റെ ചോദ്യം. 2016ല്‍ നോട്ടുനിരോധനം നടപ്പാക്കിയത് എസ്പി, ബിഎസ്പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ലക്ഷ്യമിട്ടെന്നായിരുന്നു ജയറാം രമേശിന്റെ കണ്ടെത്തല്‍. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസിന്റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി ആദായനികുതി വകുപ്പ് 65 കോടി രൂപ തിരിച്ചുപിടിച്ചത്. കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്ന് 60.25 കോടി രൂപയും യൂത്ത് കോണ്‍ഗ്രസിന്റെയും എന്‍എസ്യുവിന്റെയും അക്കൗണ്ടുകളില്‍ നിന്ന് അഞ്ചുകോടിയുമാണ് പിടിച്ചെടുത്തത്. 2018-19ലെ കണക്കുകളുമായി ബന്ധപ്പെട്ട് അടയ്‌ക്കാനുള്ള 115 കോടി നികുതി കുടിശികയുടെ ഭാഗമായാണ് തുക പിടിച്ചെടുത്തത്. നടപടിക്കെതിരേ കോണ്‍ഗ്രസ് ആദായ നികുതി വകുപ്പ് അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

നികുതി കുടിശിക അടയ്‌ക്കാത്തതിനാല്‍ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. പിന്നാലെ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ച കോണ്‍ഗ്രസിന് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by