മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നു. പെണ്‍കുട്ടി ഇവരുമായി വാക്കുതര്‍ക്കമുണ്ടായതായി നാട്ടുകാര്‍ കണ്ടിട്ടുണ്ട്. മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു.
പുഴയില്‍ മുങ്ങിമരിക്കാനുള്ള സാധ്യയില്ലെന്നും മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തില്‍ മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തണമെന്നും പെണ്‍കുട്ടിയുടെ സഹോദരി പ്രതികരിച്ചു.
അതിനിടെ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായാണ് വസ്ത്രങ്ങളും കണ്ടെടുത്തത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ചുരിദാര്‍ ടോപ്പും ഷാളുമാണ് കണ്ടെത്തിയത്. ഇത് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കരാട്ടെ പരിശീലനത്തിന് പോയിരുന്ന പെണ്‍കുട്ടിയെ സിദ്ദീഖ് അലി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഏറെ മനോവിഷമത്തിലായിരുന്നുവെന്നും ഇയാള്‍ക്കെതിരേ പരാതി നല്‍കാനിരിക്കെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും കുടുംബം ആരോപിച്ചിരുന്നു.
സിദ്ദീഖ് അലി നേരത്തെ മറ്റൊരു പോക്സോ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് നാട്ടുകാരും ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് 17കാരിയെ ചാലിയാറില്‍ മരിച്ചനിലയില്‍ കണ്ടത്. വൈകിട്ട് ആറുമണിയോടെ വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: