സാന്ദ്രാനന്ദാവബോധാത്മകനായ വാതാലയേശന്റെ വാസസ്ഥലമാണ് പുണ്യഭൂമിയായ ഗുരുവായൂര്‍. ഭക്തരെ സംബന്ധിച്ചിടത്തോളം ഭൂലോകവൈകുണ്ഠം. മഥുരയും, അമ്പാടിയും, വൃന്ദാവനവും ദ്വാരകയും എല്ലാ മാണിവിടം. ക്ഷേത്രവും അനുബന്ധ സംഭവങ്ങളും ഗുരുവായുപുര മഹാത്മ്യത്തെ വിളിച്ചോതുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ കഴിയാത്ത ജന്മം വൃഥാവിലത്രേ.
ശംഖചക്രഗദാധാരിയായി, ചതുര്‍ബാഹുവായ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. പക്ഷേ വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വാസുദേവ കൃഷ്ണനായിട്ടാണ് സങ്കല്പം. വാസുദേവന്‍, ദേവകി, ബലരാമന്, തുടങ്ങി യാദവര്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് ദേവഗുരു ബൃഹസ്പതിയും, വായുവും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചത്. സാക്ഷാല്‍ ഗോപാലകൃഷ്ണന്. ഗുരുവും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ചതിനാല്‍ ഗുരുവായൂരെന്ന് നാമം (ഗുരുപവനപുരി). ആ ഗുരുപവനപുരി ഉത്സവ തിമിര്‍പ്പിലാണ്.
ഉത്സവത്തിന് മുന്നോടിയായ അതിപവിത്രമായ ബ്രഹ്മകലശം ആടുന്നതിനു മുന്‍പ് സാന്നിധ്യമാകാന്‍ ദേവതകളെ ക്ഷണിച്ചു വരുത്തുന്ന പാണിവാദനം നടക്കും. പാണിവാദനത്തിനുള്ള ക്ഷേത്രം അടിയന്തിരക്കാര്‍ വ്രതമെടുത്ത് അതീവ ശ്രദ്ധയോടെ കലശ മണ്ഡപമായ കൂത്തമ്പലത്തിനു മുന്നിലാണ് പാണിവാദനം നടത്തുക. അതീവ ശ്രദ്ധയോടെയും ഭക്തിയാദരവോടെയും നടക്കുന്ന സഹസ്രകലശാഭിഷേകം വിഗ്രഹത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കുന്നു. ആയിരം കലശങ്ങളില്‍ തീര്‍ത്ഥം നിറച്ച് മന്ത്രപൂരിതമാക്കിക്കൊണ്ടാണ് സഹസ്രകലശം നിര്‍വ്വഹിക്കുന്നത്. 26 സ്വര്‍ണ്ണ കുംഭങ്ങളിലും 975 വെള്ളി കുംഭങ്ങളിലുമാണ് തീര്‍ത്ഥം നിറക്കുക. ഒരാഴ്ച നീളുന്ന വലിയ ചടങ്ങാണിത്.
‘മന ഉത്സൂയ തേ ഹഷാര്ത്
ഉത്സവ പരികീര്‍ത്തിത’
മനസ്സിന് ആനന്ദമുളവാക്കുന്നത് എന്നതാണ് ഉത്സവ ശബ്ദത്തിന്റെ പദാര്‍ത്ഥം. പലതരത്തിലുള്ള അശുദ്ധികളാല്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ബിംബ ചൈതന്യത്തെ വീണ്ടെടുത്ത് തേജസ്സുളവാക്കുക എന്നതാണ് ഈ ചടങ്ങിന്റെ ലക്ഷ്യം.
എട്ടു ദിവസത്തെ ആഗമിക കര്‍മ്മ പരമ്പരകളുടെ അവസാനത്തെ ഇനമാണ് ഈ കലശാഭിഷേകം. മുളയിട്ടു നടക്കുന്ന കര്‍മ്മങ്ങളെല്ലാം മംഗളകരമായിരിക്കും എന്നാണ് പ്രമാണം. നവധാന്യങ്ങളുടെ വിത്തുകള്‍ പാകുക എന്നതാണ് ചടങ്ങ്.
ഓരോ ധാന്യങ്ങള്‍ക്കും ഓരോ ദേവതാ സങ്കല്പ്പങ്ങളുണ്ട്. മുളയറയിലെ പൂജ കഴിഞ്ഞ് തന്ത്രി കൊടിയേറ്റ് കര്‍മ്മം അനുഷ്ഠിക്കുന്നു. വിഷ്ണു വാഹനമായ ഗരുഡന്റെ ചൈതന്യം തന്ത്രി ആവാഹിച്ച് കൊടികയറ്റുന്നത്. ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ഏഴ് വര്ണ്ണപ്പട്ടിന്റെ കൊടിക്കൂറകളും ചെമ്പട്ടില് പൊതിഞ്ഞ കയറും ഭഗവത് സന്നിധിയില്‍ ഒരുക്കി വെക്കും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: