ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്ത പകരാന്‍ 200ലധികം ബ്രഹ്മോസ് മിസൈലുകള്‍ വാങ്ങാന്‍ സുരക്ഷാ കാബിനറ്റ് കമ്മിറ്റി അനുമതി നല്കി. യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിനായാണ് ബ്രഹ്മോസ് എക്സ്റ്റന്‍ഡഡ് റേഞ്ച് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയ്റോസ്പേസും പ്രതിരോധ മന്ത്രാലയവും തമ്മില്‍ മാര്‍ച്ച് ആദ്യവാരം കരാര്‍ ഒപ്പിടും.
ബുധനാഴ്ച വൈകുന്നേരം നടന്ന യോഗത്തില്‍ ഏകദേശം 19,000 കോടി രൂപയുടെ വമ്പന്‍ ഇടപാടിന് അനുമതി നല്‍കിയതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടുചെയ്തു. നിരന്തമായി ആക്രമണങ്ങളും പ്രതിരോധങ്ങളും നേരിടുന്ന ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് ശക്തി പകരുന്ന ഒരു പ്രധാന ആയുധമാകും ബ്രഹ്മോസ്.
അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനങ്ങള്‍ അല്ലെങ്കില്‍ ലാന്‍ഡ് പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ നിര്‍മ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ്. ബ്രഹ്മോസ് മിസൈല്‍ വന്‍തോതില്‍ സ്വദേശീയമാക്കിയത് ബ്രഹ്മോസ് കോര്‍പ്പറേഷനാണ്.
ബ്രഹ്മോസ് മിസൈല്‍ അതിന്റെ ആദ്യ ആഗോള ഉപഭോക്താവായ ഫിലിപ്പീന്‍സിലേക്കും ഉടന്‍ കയറ്റുമതി ചെയ്യാന്‍ ഒരുങ്ങുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ പല രാജ്യങ്ങളും മിസൈല്‍ സംവിധാനത്തില്‍ പലവിധത്തില്‍ വിന്യാസം ചെയ്യാന്‍ ഗൗരവമായ താല്പര്യം കാണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതുല്‍ റാണെയുടെ നേതൃത്വത്തിലുള്ള ബ്രഹ്മോസ് എയ്റോസ്പേസ്, പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ചയിച്ച 5 ബില്യണ്‍ യുഎസ് ഡോളറിന്റെ കയറ്റുമതി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്.
ഫിലിപ്പീന്‍സുമായുള്ള 375 മില്യണ്‍ ഡോളറിന്റെ ആദ്യ കയറ്റുമതി ഇടപാടിന് ശേഷം 2025 ഓടെ 5 ബില്യണ്‍ ഡോളറാണ് തന്റെ ടീം ലക്ഷ്യമിടുന്നതെന്ന് ബ്രഹ്മോസ് ചെയര്മാന് പ്രസ്താവിച്ചിരുന്നു. ഇന്‍ഡോറഷ്യന്‍ സംയുക്ത സംരംഭമായ കമ്പനി ഉയര്‍ന്ന തലത്തിലുള്ള തദ്ദേശീയമായ ഉള്ളടക്കമുള്ള മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: