ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സ്ത്രീകൾക്കെതിരെ നടത്തുന്ന ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും ഇവയെ പ്രതിരോധിക്കുന്ന പ്രദേശവാസികളുടെ പോരാട്ടങ്ങളെയും ഉൾപ്പെടുത്തി ബിജെപി സന്ദേശ്ഖാലിയെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പുറത്തിറക്കി.
‘ദി സന്ദേശ്ഖാലി സോക്കർ – ദി ബിഗ് റിവീൽ’ എന്ന പേരിൽ എക്‌സ്‌ക്ലൂസീവ് ഡോക്യുമെൻ്ററി വ്യാഴാഴ്ച രാവിലെ 9 മണിക്ക് റിലീസ് ചെയ്യുമെന്ന് ബിജെപി എക്‌സ് പോസ്റ്റിൽ പറഞ്ഞിരുന്നു. “ദീദി കെ ബോലോ ആരോ കോട്ടോ ‘സന്ദേശ്ഖാലി’ (ഇനിയും എത്ര സന്ദേശ്ഖാലി പോലുള്ള സംഭവങ്ങൾ ദീദിയോട് പറയൂ)” എന്ന് ബാനർജിയോട് ബംഗ്ലായിൽ ചോദിക്കുന്നുണ്ട് എക്സ് പോസ്റ്റിൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലിയിൽ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി പടനയിക്കുന്നതിനിടയിലാണ് ഈ ഡോക്യുമെൻ്ററി റിലീസ് ചെയ്തത്.
കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള സുന്ദർബൻസ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നദീതീരമായ സന്ദേശ്ഖാലി പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും അദ്ദേഹത്തിന്റെ അനുയായികളും ഭൂമി തട്ടിയെടുക്കലും നിർബന്ധിത ലൈംഗികാതിക്രമവും നടത്തിയെന്നാരോപിച്ച് പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം ആക്രമണം നടത്തിയ ഷാജഹാനും കൂട്ടാളികളും ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: