കോഴിക്കോട്: മലപ്പുറത്ത് സൗഹൃദ മത്സരത്തിന് പറ്റിയ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി സിപിഎം. ഇന്നലെച്ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മലപ്പുറത്ത് വി. വസീഫിനെയും പൊന്നാനിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മുന്‍ മുസ്ലിം ലീഗ് നേതാവ് കെ. എസ്. ഹംസയേയുമാണ് തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനിയില്‍ നിലവില്‍ നാലു നിയമസഭാ മണ്ഡലങ്ങള്‍ ഇടതുമുന്നണിയുടേതാണെങ്കിലും താരതമ്യേന ദുര്‍ബല സ്ഥാനാര്‍ത്ഥിയായ ഹംസയെ നിയോഗിച്ചിരിക്കുന്നത് മുസ്ലിം ലീഗിന് വഴി എളുപ്പമാകാനാണ്. കെ.ടി. ജലീല്‍, ഹുസൈന് രണ്ടത്താണി തുടങ്ങിയ നേതാക്കളെ പൊന്നാനിയിലേക്ക് പരിഗണിക്കുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതെങ്കിലും സിപിഎം പിന്തുണയില്‍ മുസ്ലിംലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് ഹംസ മുസ്ലിം ലീഗില്‍നിന്ന് പുറത്തായത്. കുഞ്ഞാലിക്കുട്ടി വിജിലന്‍സിനെ ഭയന്ന് വിജയനെ പേടിച്ചുകഴിയുകയാണ് തുടങ്ങിയ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഹംസ പുറത്താക്കപ്പെടുന്നത്. 2009 വരെ സിപിഐ മത്സരിച്ചിരുന്ന മണ്ഡലം സിപിഎം പിടിച്ചെടുക്കുകയായിരുന്നു.
കാന്തപുരം വിഭാഗത്തിന്റെ പിന്തുണയില്‍ ഹുസൈന് രണ്ടത്താണിയേയും 2014ല്‍ മുന്‍ കോണ്‍ഗ്രസുകാരനും നിലവില്‍ മന്ത്രിയുമായ വി. അബ്ദുറഹിമാനെയും 2019 ല്‍ പി.വി. അന്‍വറിനെയും മത്സരിപ്പിച്ച സിപിഎം ഇത്തവണ പാര്‍ട്ടി ചിഹ്നത്തില്‍ത്തന്നെ മത്സരിക്കുമെന്നാണ് അണികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഓര്‍ക്കാപ്പുറത്താണ് മുസ്ലിം ലീഗ് മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.എസ്. ഹംസയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തയാറായത്.
1977 ന് ശേഷം മുസ്ലിം ലീഗിന്റെ കുത്തക മണ്ഡലത്തില്‍ മുന്‍ ലീഗുകാരനെ മത്സരിപ്പിക്കുന്നത് ലീഗിനെ അടിയറവ് പറയിക്കാനാണെന്ന് സിപിഎം വിശദീകരിക്കുമ്പോഴും പൊന്നാനിയില്‍ വേരുകളില്ലാത്ത ലീഗ് വിമതനെ നിര്‍ത്തിയത് മുസ്ലിം ലീഗിനെ സഹായിക്കാനാണെന്നാണ് നിരീക്ഷണം. മലപ്പുറത്ത് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീമിനെയാണ് സിപിഎം പരീക്ഷിക്കുന്നത്. ഇതിനിടയില്‍ മലപ്പുറത്തേക്ക് ഇ.ടി. മുഹമ്മദ് ബഷീറിനെയും പൊന്നാനിയിലേക്ക് അബ്ദുള്‍ സമദ് സമദാനിയേയും എന്ന നിലയില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റി മത്സരിപ്പിക്കാനാണ് ലീഗ് ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: