ബത്തേരി: വന്യജീവി ആക്രമണത്തില്‍ പൊറുതി മുട്ടിയ വയനാടന്‍ ജനതയ്ക്കു കാവലായി കേന്ദ്ര സര്‍ക്കാരുണ്ടാകുമെന്ന് കേന്ദ്ര വനം വകുപ്പു മന്ത്രി ഭൂപേന്ദ്ര യാദവ് ഉറപ്പുനല്‍കി. ഇത് മോദി സര്‍ക്കാരിന്റെ ഗ്യാരന്റിയാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ വന്യമൃഗശല്യത്തിന് ആവശ്യമായ നടപടികളില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും അനാസ്ഥ കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ജില്ലയില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജിഷിന്റെ വീട്ടില്‍ ഇന്നലെ വൈകിട്ട് 6.30ന് എത്തിയ മന്ത്രി പ്രജീഷിന്റെ സഹോദരനോടും അമ്മയോടും വിവരങ്ങള്‍ ആരാഞ്ഞ്, ആശ്വസിപ്പിച്ചു.
നാട്ടുകാരുടെ ആവശ്യങ്ങള്‍ ഒാരോന്നും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എഴുതിയെടുക്കാന്‍ നിര്‍ദേശിച്ചു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പ്രജീഷിന്റെ കുടുംബത്തിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കണമെന്നാവശ്യപ്പെട്ട പ്രദേശത്തെ പൊതുപ്രവര്‍ത്തര്‍ നല്കിയ നിവേദനത്തിനു മറുപടിയായി നിലവില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്കുന്ന 10 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ തുകയാണെന്നും അത് കൃത്യമായി നല്‍കുന്നതിന് വേണ്ട ഇടപെടല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ വിനോദ സഞ്ചാര കേന്ദ്രം താത്കാലിക ജീവനക്കാരന് പോളിന്റെ വീട്ടിലെത്തിയ മന്ത്രി പോളിന്റെ മകളെ ആശ്വസിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫോണിലൂടെ ഇവിടത്തെ സാഹചര്യങ്ങള്‍ അറിയിച്ചിരുന്നെന്നും പറഞ്ഞു.
കൊലയാളി ആന ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലെത്തിയ മന്ത്രി, മക്കളായ അല്‍നയെയും അലനെയും ചേര്‍ത്തു പിടിച്ചു. പഠിച്ചു മിടുക്കരാകണമെന്ന് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. കേരളത്തിലെ മന്ത്രിമാരെത്താന്‍ വൈകിയിട്ടും ദല്‍ഹില്‍ നിന്ന് കേന്ദ്ര മന്ത്രി എത്തിയതില്‍ അജിയുടെ കുടുംബം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ന് കേന്ദ്ര മന്ത്രി കളക്ടറേറ്റിലെ യോഗങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി വിവിധ ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: