ഗുരുവായൂര്‍: ഈ വര്‍ഷത്തെ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് നാന്ദികുറിക്കുന്ന ആനയോട്ടമത്സരത്തില്‍ കൊമ്പന് ഗോപീകണ്ണന് ഒന്നാമനായി. ക്ഷേത്രം ചുറ്റമ്പലത്തില്‍ ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി സ്വര്‍ണ്ണ കൊടിമരത്തിനടുത്തെത്തി തുമ്പി ഉയര്‍ത്തി ശ്രീഗുരുവായൂരപ്പനെ വണങ്ങിയ ഗോപീകണ്ണനെ ഈ വര്‍ഷത്തെ വിജയിയായി പ്രഖ്യാപിച്ചു.
മണികെട്ടിയ ഉടന്‍ ഓട്ടമാരംഭിച്ച് ഗോപീകണ്ണന് മുന്നില്‍ ഓടിയപ്പോള്‍ രവീകൃഷ്ണന്‍ കുതിച്ചടുത്തെങ്കിലും ഫലമുണ്ടായില്ല. ഓട്ടം ആരംഭിച്ചത് മുതല്‍ ഗോപീകണ്ണന് തന്നേയായിരുന്നു മുന്നില്‍. 50 മീറ്റര്‍ പുറകിലായി ഓടിയ കൊമ്പന് രവീകൃഷ്ണനും, തൊട്ടുപുറകില്‍ മൂന്നാമനായി ദേവദാസും ഓട്ടം തുടര്‍ന്നു. എന്നാല്‍ ദേവദാസ് ഓട്ടം അവസാനിപ്പിച്ചതോടെ, കരുതലായി നിന്നിരുന്ന ദേവി മൂന്നാം സ്ഥാനക്കാരിയുമായി. ഓട്ടം നിര്‍ത്തി നടന്നുനീങ്ങിയ ദേവദാസ്, കിഴക്കേ ദീപസ്തംഭത്തിനരികിലെത്തി ഭഗവാനെ കണ്ട് മടങ്ങി.
തൊട്ടുപുറകിലായി ആനയോട്ടത്തില്‍ പങ്കെടുത്ത മറ്റുകൊമ്പന്മാരും ദീപസ്തംഭത്തിനടുത്തെത്തി ഭഗവാനെ വണങ്ങി മടങ്ങി. ഇനിയുള്ള പത്തുനാള്‍ ക്ഷേത്രത്തിന്റെ മതില്കെട്ടിന് പുറത്തിറങ്ങാതെ രാജകീയ പ്രൗഢിയില്‍ ശ്രീഗുരുവായൂരപ്പന്റെ തങ്ക തിടമ്പേറ്റാനുള്ള മഹാഭാഗ്യം ഉള്‍പ്പടെ ഗോപീകണ്ണന് സ്വന്തം. ഒമ്പതാം തവണയാണ് ഗോപീകണ്ണന് ജേതാവായത്. ഇതിന് മുമ്പ് 2003, 2004, 2009, 2010, 2016, 2017, 2019, 2020 വര്‍ഷങ്ങളിലാണ് ഗോപീകണ്ണന് വിജയഗോപുരം കടന്നത്. വെള്ളിനേഴി കെ. ഹരിനാരായണനാണ് ഗോപീകണ്ണന്റെ ഒന്നാം പാപ്പാന്. ഇളമ്പുലശ്ശേരി പി. രാജന് രണ്ടാം ചട്ടക്കാരനും, ടി.ബി. ബാബു മൂന്നാം ചട്ടക്കാരനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: