പാട്ന : ബിഹാറിലെ ലഖിസരായി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിൽ ബിഹാരൗറ ഗ്രാമത്തിൽ ട്രക്കും ടെമ്പോയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഒമ്പത് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“ബിഹാറിലെ ലഖിസരായിയിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഈ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. ഇതോടൊപ്പം പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, അപകടത്തിൽപ്പെട്ട ഏവർക്കും സാധ്യമായ എല്ലാ സഹായവും നൽകുന്നതിൽ ഭരണകൂടം ശ്രമിക്കുന്നുണ്ട്.”- പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.
പുലർച്ചെ 3 മണിയോടെ ലഖിസരായി-സിക്കന്ദ്ര മെയിൻ റോഡിലാണ് അപകടം നടന്നതെന്ന് എസ്പി പങ്കജ് കുമാർ പറഞ്ഞു. ഒമ്പത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപകടത്തിൽ പെട്ടവർ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നെന്നും ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം തുടരുകയാണെന്ന് എസ്പി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: