ന്യൂദല്‍ഹി: ‘സ്വാഭാവിക റബ്ബര്‍ മേഖലയുടെ സുസ്ഥിരവും സമഗ്രവുമായ വികസനം’ എന്നതിന് കീഴില്‍ റബ്ബര്‍ മേഖലയ്‌ക്കുള്ള സാമ്പത്തിക സഹായം അടുത്ത 2 സാമ്പത്തിക വര്‍ഷങ്ങളിലേക്ക് (202425, 202526) 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായി (23%) വര്‍ധിപ്പിച്ചു. റബ്ബര്‍ വ്യവസായത്തെ പിന്തുണയ്‌ക്കുന്നതിനായി 202425, 202526 സാമ്പത്തിക വര്‍ഷങ്ങളില്‍ പരമ്പരാഗത മേഖലകളില്‍ 12,000 ഹെക്ടറില്‍, 43.50 കോടി രൂപ ചെലവില്‍ റബ്ബര്‍ നടീല്‍ നടത്തും.
ഇതിനായി നല്‍കുന്ന സഹായ നിരക്ക്, നേരത്തെ ഹെക്ടറിന് 25,000 രൂപ ആയിരുന്നതില്‍ നിന്ന് 40,000 രൂപ ആയി വര്‍ദ്ധിപ്പിച്ചു. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവ് നേരിടുന്നതിനും റബ്ബര്‍ നടുന്നതിന് കര്‍ഷകര്‍ക്ക് അധിക പ്രോത്സാഹനം നല്‍കുന്നതിനും ഇത് സഹായിക്കും. ഇതേ കാലയളവില്‍ പാരമ്പര്യേതര മേഖലകളില്‍ 3752 ഹെക്ടര്‍ പ്രദേശം, 18.76 കോടി രൂപ മുതല്‍മുടക്കില്‍ റബ്ബര്‍ കൃഷിക്ക് കീഴില്‍ കൊണ്ടുവരും.
ഹെക്ടറിന് 50,000 രൂപയുടെ നടീല്‍ വസ്തുക്കള്‍ റബ്ബര്‍ ബോര്‍ഡ് നല്‍കും. വടക്ക് കിഴക്കന്‍ മേഖലയില്‍ ‘ഇന്റോഡ് ‘പദ്ധതിക്ക് കീഴില്‍ നടത്തുന്ന പ്ലാന്റേഷന് പുറമെ ആയിരിക്കും ഇത്. പാരമ്പര്യേതര പ്രദേശങ്ങളിലെ പട്ടികജാതി കര്‍ഷകര്‍ക്ക് ഹെക്ടറിന് 2,00,000 രൂപ നിരക്കില്‍ നടീല്‍ സഹായം നല്‍കും. നല്ല നിലവാരമുള്ള നടീല്‍ വസ്തുക്കള്‍ (പുതിയ ഘടകം) ഉല്‍പ്പാദിപ്പിക്കുന്നതിന് പാരമ്പര്യേതര മേഖലകളില്‍ ബോര്‍ഡ്, സ്‌പോണ്‍സര്‍ ചെയ്ത നഴ്‌സറികളെ പ്രോത്സാഹിപ്പിക്കും. ഇത്തരം 20 നഴ്‌സറികള്‍ക്ക് 2,50,000 രൂപ സഹായം നല്‍കും.
റബ്ബറിന്റെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികള്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്യുന്നു. ഇതിനായി, 67,000 ഹെക്ടറില്‍ (പരമ്പരാഗത മേഖലയില്‍ 60,000, പാരമ്പര്യേതര മേഖലയില്‍ 5000, വടക്ക് കിഴക്കന്‍ മേഖലയില്‍ 2000) മഴയില്‍ നിന്ന് സംരക്ഷണത്തിനും, 22,000 ഹെക്ടറില്‍ (പരമ്പരാഗത മേഖലയില്‍ 20,000, പാരമ്പര്യേതര മേഖലയില്‍ 2000) സസ്യസംരക്ഷണത്തിനും (സ്‌പ്രേയിംഗ്) പിന്തുണ നല്‍കും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 35.60 കോടി രൂപയാണ് ഇതിനായി വിഭാവനം ചെയ്യുന്നത്.
കൂടാതെ, റബ്ബര്‍ കര്‍ഷകരുടെ ശാക്തീകരണത്തിനായി റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ (ആര്‍പിഎസ്) പോലെയുള്ള ചെറുകിട റബ്ബര്‍ ഉടമകളുടെ ഫോറങ്ങളെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 250ഓളം പുതിയ ആര്‍പിഎസുകള്‍ രൂപീകരിക്കുന്നതിന് സഹായം നല്‍കും.
സഹായത്തിന്റെ പരിധി 3000 രൂപയില്‍ നിന്ന് 5000 രൂപയായി വര്‍ദ്ധിപ്പിച്ചു, ഇത് കര്‍ഷക വിദ്യാഭ്യാസം, സെമിനാറുകള്‍, ഗ്രൂപ്പ് യോഗങ്ങള്‍, ശേഷി വര്‍ദ്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍, പ്രദര്‍ശന സന്ദര്‍ശനങ്ങള്‍, മാതൃകാ ഫാമുകള്‍, പങ്കാളികളുടെ മൊത്തത്തിലുള്ള പ്രയോജനത്തിനായി മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്ക് സഹായകമാകും. പാരമ്പര്യേതര, വടക്ക് കിഴക്ക് മേഖലകളില്‍ 1450 കര്‍ഷക ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കും. റബ്ബര്‍ ഉത്പാദക സംഘങ്ങളിലേയ്‌ക്ക് റബ്ബര്‍ കര്‍ഷകരെ ചേര്‍ക്കുന്നത്, കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് ശരിയായ വില ലഭിക്കാന്‍ സഹായിക്കും.
ലാറ്റക്‌സ് ശേഖരണത്തിനും 55 ആര്‍പിഎസുകള്‍ക്ക് ഡിആര്‍സി പരിശോധനാ ഉപകരണങ്ങള്‍ക്കും ഓരോ ആര്‍പിഎസിനും 40,000 രൂപ വരെ സഹായം നല്‍കും. കൃഷിയിടങ്ങളിലെ യന്ത്രവല്‍ക്കരണത്തിനായി, സ്‌പ്രേയര്‍/ഡസ്റ്ററുകള്‍ വാങ്ങുന്നതിന് ആര്‍പിഎസുകളെ പിന്തുണയ്‌ക്കും. 180 ആര്‍പിഎസുകള്‍ക്ക് ഓരോ ആര്‍പിഎസിനും 30,000 രൂപ വരെ പിന്തുണ നല്‍കും.
റബ്ബര്‍ ഷീറ്റുകളുടെ ഗുണമേന്മയും നിലവാരവും ഉറപ്പുവരുത്തുന്നതിനായി, ഗ്രൂപ്പ് പ്രോസസ്സിംഗ് സെന്ററുകള്‍ (ജിപിസി) സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും പാരമ്പര്യേതര മേഖലകളിലും 18 ജിപിസികളുടെ നിര്‍മ്മാണത്തെ പിന്തുണയ്‌ക്കും.
പരമ്പരാഗത മേഖലയില്‍ 10 ജിപിസികളുടെ നിര്‍മ്മാണം പിന്തുണയ്‌ക്കും. നിലവിലുള്ള ജിപിസികള്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 77 ജിപിസികള്‍ക്ക് (പരമ്പരാഗത മേഖലയില്‍ 50, പാരമ്പര്യേതര മേഖലകളില്‍ 2, വടക്ക് കിഴക്ക് മേഖലയില്‍ 25) സഹായം നല്‍കും. അധിക പുകപ്പുരകള്‍ സ്ഥാപിക്കുന്നതിനും ഗ്രൂപ്പ് പ്രോസസ്സിംഗ് സെന്ററുകള്‍ക്കായി മലിനജല സംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും പിന്തുണ നല്‍കും. 79 ജിപിസി കള്‍ക്കുള്ള പിന്തുണ നല്‍കും (അധിക പുകപ്പുരകള്‍ 37 എണ്ണം; മലിനജല സംസ്‌കരണം 42 എണ്ണം)
റബ്ബര്‍ ഗവേഷണത്തിന് ധനസഹായം നല്‍കുന്നതിന്, അടുത്ത രണ്ട് വര്‍ഷത്തേക്ക് 29 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. റബറിന്റെ രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി പുതിയ പ്രദേശങ്ങളിലേക്ക് റബ്ബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ കാര്‍ഷികകാലാവസ്ഥാ പ്രദേശങ്ങള്‍ക്ക് അനുയോജ്യമായ റബ്ബര്‍ ഇനങ്ങള്‍ (Rubber Clone) വികസിപ്പിക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
റബ്ബര്‍ ബോര്‍ഡ് ഡിജിറ്റൈസേഷന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയും മൊബൈല്‍ അധിഷ്ഠിത ആപ്പുകള്‍ വഴി വേഗത്തില്‍ തല്‍ക്ഷണ സേവനങ്ങള്‍ നല്‍കുകയും ജിയോ ടാഗിംഗിനായി ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്യും. റബ്ബര്‍ ബോര്‍ഡിന്റെ മൊത്തത്തിലുള്ള ഡിജിറ്റൈസേഷനായി 8.91 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ സ്‌റ്റൈപ്പന്‍ഡ്, സ്ത്രീ ശാക്തീകരണ പദ്ധതികള്‍, വീട് നിര്‍മ്മാണത്തിനുള്ള സഹായം, ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ്, വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതി, പെന്‍ഷന്‍ പദ്ധതി, എന്നിങ്ങനെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത രണ്ട് വര്‍ഷത്തേക്ക് 7.02 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: