കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ തൃണമൂല്‍ ആക്രമണങ്ങള്‍ക്കിരയായവര്‍ക്ക് ബംഗാള്‍ രാജ്ഭവനില്‍ സമാധാന വീടൊരുക്കി ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. നോര്‍ത്ത് 24 പര്‍ഗനാസില്‍ ആക്രമണത്തിനിരയായവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനായാണ് ഇത്. ഗവര്‍ണര്‍ കഴിഞ്ഞ ദിവസം സന്ദേശ് ഖാലി സന്ദര്‍ശിച്ചിരുന്നു. അവിടെ നേരിട്ട് കണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് ആക്രമണങ്ങള്‍ക്കിരയായവര്‍ക്കായി സമാധാന വീട് ആരംഭിക്കുന്നതെന്ന് അഭയാര്‍ത്ഥി ക്യാമ്പിന്റെ ചുമതലയുള്ള പ്രത്യേക ഉദ്യോഗസ്ഥന് സന്ദീപ് രാജ്പൂത് പറഞ്ഞു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ജനങ്ങള്‍ സുരക്ഷിത വാസസ്ഥലം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് രാജ്ഭവനില്‍ ഇവര്‍ക്കായി സമാധാന വീട് ഒരുക്കിയിരിക്കുന്നത്. രാജ്ഭവനിലേക്ക് വരാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ഗതാഗത സൗകര്യം ഒരുക്കി നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്.
സന്ദേശ് ഖാലി സംഭവത്തില്‍ പൊതുജനങ്ങള്‍ക്കായി ഹെല്പ്ലൈന് നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ആളുകളാണ് അതിലേക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ട്. അതിനു പിന്നാലെയാണ് ഇരകള്‍ക്കായി അഭയ കേന്ദ്രവും ആരംഭിച്ചത്. 100നും 200നുമിടയില്‍ ആളുകളെ ഇവിടെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെയെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും സൗജന്യമായിരിക്കുമെന്നും സന്ദീപ് പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനും ഇയാളുടെ അനുയായികളും ചേര്‍ന്ന് സന്ദേശ്ഖാലിയിലെ ഹിന്ദുക്കളായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതായും ക്രൂരമായി ആക്രമിക്കുന്നുവെന്നും അടുത്തിടെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. സംഭവത്തില്‍ ടിഎംസി നേതാവായ ഷിബു ഹസ്ര പോലീസിന്റെ പിടിയിലായിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട സ്ത്രീ നേരിട്ടെത്തി മൊഴി നല്‍കിയതിനെ തുടര്‍ന്ന് കോടതി ഇടപെടലിലാണ് കേസെടുത്തത്. ഇയാളെ എട്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ടിഎംസി നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ പത്ത് ദിവസത്തോളമായി സന്ദേശ് ഖാലിയിലെ ജനങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്നാണ് സന്ദേശ്ഖാലി സന്ദര്‍ശിച്ചശേഷം ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: