സ്ത്രീകളുടെ ശബരിമലയെന്നറിയപ്പെടുന്ന ആറ്റുകാൽ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ദിനത്തിലേക്കുള്ള കാത്തിരിപ്പ് ആരംഭിച്ചു. ഈ മാസം 25-നാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. പൊങ്കാലയും നിവേദ്യവും അർപ്പിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ട് കാര്യം നടക്കുമെന്നാണ് വിശ്വാസം.
ഒരാഴ്ച കാലത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് പൊങ്കാലയിടുന്നത്. ഇതിനൊപ്പം ആറ്റുകാലമ്മയ്‌ക്ക് സമർപ്പിക്കുന്ന നിവേദ്യമാണ് തെരളിയപ്പം. പൊങ്കാലയിൽ പ്രധാനമായും ശർക്കര പായസം, കടുംപായസം, വെള്ള ചോറ്, വെള്ള പായസം, തെരളി, മണ്ടപ്പുറ്റ് എന്നിവയാണ് ദേവിക്ക് സമർപ്പിക്കുന്നത്.
തെരളിയപ്പം നിവേദിച്ചാൽ ആഗ്രഹ സാഫല്യം എന്നാണ് വിശ്വാസം. പൊങ്കാലയിലെ പ്രധാന നിവേദ്യമായ തെരളിയപ്പം തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…
ചേരുവകൾ ഇവയൊക്കെ…
അരിപൊടി(വറുത്തത് ) 2 കപ്പ്
ശർക്കര (ചീകിയത്) ഒന്നര കപ്പ്
ഞാലിപൂവൻ പഴം 3 -4 എണ്ണം
തേങ്ങ ചിരവിയത് അര കപ്പ്
വയണയില ആവശ്യത്തിന്
ഏലക്ക പൊടിച്ചത് 1ടി സ്പൂൺ
ജീരകം പൊടി അര ടി സ്പൂൺ
ഓലക്കാൽ- ഇല കുമ്പിൾ കുത്താൻ ആവശ്യമായത്
ആദ്യം തെരളിയപ്പം ഉണ്ടാക്കുന്നതിനായി മാറ്റി വച്ചിരിക്കുന്ന ശർക്കര നന്നായി വെള്ളമൊഴിച്ച് അലിയിച്ചെടുക്കുക. ശർക്കര നന്നായി അലിഞ്ഞ ശേഷം അരിച്ചെടുക്കുക. തുടർന്ന് അരിപൊടി ചെറുതായി ചൂടാക്കുക. ഇതിലേക്ക് അരിപൊടി, ജീരകം പൊടി, ഏലക്ക പൊടി, തേങ്ങ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം കൂടി ചേർത്ത് കുഴച്ചെടുക്കുക.
ഈ സമയം ഒരു ഇഡലി പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്‌ക്കുക. കുഴച്ചു വെച്ചിരിക്കുന്ന മാവിനെ ചെറിയ ഉരുളകളാക്കി കുമ്പിൾ രൂപത്തിൽ വയണയിലയിലേക്ക് വെക്കണം. ഇത് ഇഡലി പാത്രത്തിന്റെ തട്ടിൽ വെച്ച് ആവിയിൽ അരമണിക്കൂർ പുഴുങ്ങിയെടുക്കുക. ആറ്റുകാലമ്മയ്‌ക്ക് സമർപ്പിക്കേണ്ട തെരളിയിപ്പം തയാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: