ഉത്സവത്തിന്റെ ആദ്യദിവസമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന 10 ആനകളില്‍ ഏഴുപേരുടെ നറുക്കെടുപ്പ് ഇന്നലെ രാവിലെ കിഴക്കേ ഗോപുരനടയില്‍ വെച്ച് ദേവസ്വം ചെയര്മാന് നിര്‍വ്വഹിച്ചു.
കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണന്, രവീകൃഷ്ണന്‍ എന്നിവര്‍ മുന്‍നിരയില്‍ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമരാക്ഷനേയും, പിടിയാന ദേവിയേയും തെരഞ്ഞെടുത്തു. മഞ്ജുളാല്‍ പരിസരത്തു നിന്നും ഓടിയെത്തി ആദ്യം ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ആനയാണ് ജേതാവ്. ആദ്യം ഓടിയെത്തുന്ന ആനയെ മാത്രമേ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. വിജയിയായ ആനക്ക് ഉത്സവനാളുകളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന ലഭിക്കും. ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന ആനകളുടെ പാപ്പാന്മാര്ക്ക് വിദഗ്ധസമിതി, കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
കുംഭ മാസത്തിലെ പൂയം നക്ഷത്രത്തില്‍ ഇന്ന് സന്ധ്യക്ക് ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം ക്ഷേത്രം തന്ത്രിമാര്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന താന്ത്രിക കര്‍മങ്ങള്‍ക്ക് ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തില്‍ നിന്നും ചൈതന്യം ആവാഹിച്ച സപ്തവര്‍ണക്കൊടി സ്വര്‍ണധ്വജത്തില്‍ കൊടിയേറ്റുന്നതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരുവായൂര്‍ തിരുവുത്സവത്തിന് തുടക്കമാകും.
ക്ഷേത്രോത്സവം തുടങ്ങിയാല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, സമീപത്തും, ക്ഷേത്രം വടക്കേ നടയിലുമായി ഉയര്‍ത്തിയ പ്രത്യേക വേദികളിലാണ് കലാപരിപാടികള്‍ നടക്കുക. ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ക്ക് കഞ്ഞിയും പുഴുക്കുമാണ് ഉത്സവനാളില്‍ പ്രസാദ ഊട്ടായി നല്‍കുക. ഉത്സവത്തിന്റെ രണ്ടാം ദിവസമായ നാളെ മുതല്‍ ഭഗവാന്റെ തങ്കത്തിടമ്പ് നാലമ്പലത്തിനകത്ത് തെക്ക്ഭാഗത്തും, രാത്രി ചുറ്റമ്പലത്തിലെ വടക്കേ നടയിലും സ്വര്‍ണപഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ചുവയ്ക്കും.
ഉത്സവ നാളുകളില്‍ നടക്കുന്ന കാഴ്ചശീവേലിക്ക് പ്രഗത്ഭരുടെ പ്രമാണത്തിലുള്ള മേളവും അരങ്ങേറും. ഈ മാസം 29 ന് ഭഗവാന്റെ പള്ളിവേട്ടയും, മാര്‍ച്ച് 1 ന് ആറാട്ടിനും ശേഷം സ്വര്‍ണക്കൊടി മരത്തിലെ സപ്തവര്‍ണക്കൊടി ഇറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് പരിസമാപ്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: