കോളിളക്കം സൃഷ്ടിച്ച ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ വിചാരണക്കോടതിയുടെ വിധി ശരിവയ്ക്കുകയും, രണ്ടുപേരെ വെറുതെവിട്ടത് റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധി സിപിഎമ്മിനും ഇടതുമുന്നണി സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ്. ചന്ദ്രശേഖരനെ വധിച്ച കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഈ വിധി. സിപിഎം മുന്‍ ഒഞ്ചിയം ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.കെ. കൃഷ്ണന്, മുന്‍ കൂത്തുപറമ്പ് ലോക്കല്‍ കമ്മിറ്റിയംഗം ജ്യോതിബാബു എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. യഥാക്രമം പത്താം പ്രതിയും പന്ത്രണ്ടാം പ്രതിയുമായ ഇവര്‍ ഈ മാസം ഇരുപത്തിയാറിന് കോടതിയില്‍ ഹാജരാവുകയും വേണം. ഗൂഢാലോചന, കൊലപാതകം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. ഇതോടെ ടിപി വധക്കേസില്‍ കുറ്റക്കാരായ പാര്‍ട്ടി നേതാക്കളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. മുന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ. കുഞ്ഞനന്തന്, മുന്‍ കുന്നുകര ലോക്കല്‍ കമ്മിറ്റി അംഗം രാമചന്ദ്രന്, മുന്‍ കടുങ്ങോംപൊയില് ബ്രാഞ്ച് സെക്രട്ടറി പി. മനോഹരന് എന്നിവരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. കോടതി ശിക്ഷിച്ച പത്ത് പ്രതികളില്‍ മറ്റുള്ളവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഎമ്മിന്റെ സ്വന്തക്കാരാണ്. വധഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും വിചാരണ കോടതി വെറുതെവിട്ട സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചത് സിപിഎമ്മിന് വലിയ ആശ്വാസമൊന്നും നല്‍കുന്നില്ല. കാരണം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരിയും എംഎല്‍എയും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ വ്യക്തമാക്കിയിരിക്കുകയാണ്. ടിപി വധത്തില്‍ മോഹന്റെ കൈകള്‍ ശുദ്ധമല്ലെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കുമറിയാം.
സിപിഎം നേതാക്കളുടെ ഏകാധിപത്യത്തെയും പാര്‍ട്ടിയിലെ അപചയത്തെയും ചോദ്യംചെയ്തതിന് പുറത്താക്കപ്പെടുകയും, ആര്‍എംപി എന്ന പാര്‍ട്ടി രൂപീകരിച്ച് സിപിഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തതിനാണ് ടി.പി. ചന്ദ്രശേഖരനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാത്രി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രശേഖരനെ തടഞ്ഞുനിര്‍ത്തി അന്‍പത്തിയൊന്ന് വെട്ടുവെട്ടി പൈശാചികമായി കൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരനെ കൊലചെയ്യുമെന്നും, തലച്ചോര്‍ തെങ്ങിന്‍പൂക്കുലപോലെ ചിതറിക്കുമെന്നും സിപിഎം നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആസൂത്രിതമായ കൊലപാതകം നടന്നത്. പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘാംഗങ്ങളും കൊലപാതകത്തില്‍ പങ്കെടുത്തു. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് അടക്കമുള്ള സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമാണ് കൊലനടത്തിയതെന്ന് വ്യക്തമായിരുന്നു. പ്രതികളെ സംരക്ഷിച്ചതും കേസ് നടത്തിയതും സിപിഎം തന്നെയാണ്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജയിലുകളില്‍ പഞ്ചനക്ഷത്ര സൗകര്യമൊരുക്കിയതും, ഉദാരമായി പരോള്‍ അനുവദിച്ചതും സിപിഎമ്മിന്റെ താല്പര്യപ്രകാരമായിരുന്നു. തങ്ങളെ വിട്ടയക്കണമെന്ന ആവശ്യവുമായി ്രപതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിലും സിപിഎമ്മാണ്. ഇതിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് സിപിഎം നേതാക്കളാണന്ന് കെ.കെ. രമ പറയുന്നത് മുഖവിലയ്ക്കെടുക്കാം. കേസ് സുപ്രീംകോടതിയിലെത്തുന്നതോടെ കൂടുതല്‍ പേര് പ്രതികളാവുമെന്നും, സിപിഎമ്മിന്റെ വികൃത മുഖം പൂര്‍ണമായി പുറത്തുവരുമെന്നും പ്രതീക്ഷിക്കാം.
ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെട്ട ദിവസം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന് പ്രഖ്യാപിച്ചത് കൊല നടത്തിയത് മുസ്ലിം തീവ്രവാദികളാണെന്നായിരുന്നു. ‘മാഷാ അള്ളാ’ എന്നെഴുതിയ കാറിലാണ് കൊലപാതകികള്‍ ചന്ദ്രശേഖരനെ തേടിയെത്തിയത്. സംഭവത്തെക്കുറിച്ച് പിണറായിക്ക് അറിവുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തെ പത്രസമ്മേളനം. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെയും പുറത്തുകൊണ്ടുവരണമെന്ന ആവശ്യം അന്നുമുതല്‍ ഉയരുന്നതാണ്. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഇതില്‍ താല്പര്യം കാണിച്ചില്ല. അധികാരമില്ലാതിരുന്നിട്ടും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്താനും അന്വേഷണത്തിലിടപെടാനും സിപിഎമ്മിനു കഴിഞ്ഞു. മറിച്ചായിരുന്നെങ്കില്‍ പിണറായിയടക്കം ‘കൊല്ലിച്ചവര്‍’ പലരും പിടിക്കപ്പെടുമായിരുന്നു എന്നാണ് ജനങ്ങള്‍ കരുതുന്നത്. തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ ആവശ്യം തള്ളിക്കളഞ്ഞും, വിചാരണക്കോടതി വെറുതെവിട്ടവരെ കുറ്റക്കാരായി കണ്ടെത്തിയതുമായ ഹൈക്കോടതി വിധി ടിപി വധക്കേസ് വീണ്ടും ചര്‍ച്ചാവിഷയമാക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും തിരിച്ചടിയാവുകയും ചെയ്യും. ഇത് മുന്നില്‍ക്കണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഹൈക്കോടതി വിധി സ്വാഗതം ചെയ്തതും, കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുന്നതും. കാപട്യപൂര്‍ണമായ ഈ അസത്യപ്രചാരണം സത്യം അറിയാവുന്ന ജനങ്ങള്‍ക്കിടയില്‍ വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: