കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ തൃശ്ശൂരിലെ ഹൈറിച്ച് മാനേജിങ് ഡയറക്ടര്‍ കെ.ഡി. പ്രതാപന്, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതാപനെ ചോദ്യം ചെയ്യുന്നത്. ഹൈറിച്ചുമായി ഒടിടി ഫ്ളാറ്റ് ഇടപാട് നടത്തിയ വിജേഷ് പിള്ളയെയും ചോദ്യം ചെയ്തു. തൃശ്ശൂരിലെ വീട്ടില്‍ ഇ ഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു പ്രതാപനും ശ്രീനയും.
ഒളിവില്‍ നിന്ന് തിങ്കളാഴ്ചയാണ് പ്രതാപന് ഇ ഡിക്ക് മുമ്പില്‍ ഹാജരായത്. ഇന്നലെ രാവിലെ മുതല്‍ ചോദ്യം ചെയ്യുകയാണ്. കോടതിയുടെ ഇടപെടലില്‍ ഹാജരായതിനാല്‍ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്കുന്ന സൂചന.
നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള. കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ വിജേഷ് പിള്ളയെ ഇടനിലക്കാരനാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പണം വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഹൈറിച്ചിന്റെ ഒടിടി പഌറ്റ്ഫോമും അനുബന്ധ സോഫ്റ്റ്വെയറുകളും വിജേഷ് പിള്ളയില്‍ നിന്നാണ് വാങ്ങിയതെന്ന വിവരത്തെ തുടര്‍ന്നാണ് ഇ ഡി വിളിച്ചുവരുത്തിയത്.
ഹൈറിച്ചുമായി വിജേഷ് പിള്ളയുടെ ഐടി സ്ഥാപനം 40 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡി കണ്ടെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ക്കാണ് ചോദ്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: