ഗോരഖ്പൂർ: സമാജ്‌വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യ ചൊവ്വാഴ്ച പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിലിൽ നിന്നും രാജിവച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജി സമർപ്പിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അദ്ദേഹം പാർട്ടി അംഗത്വവും ഉപേക്ഷിക്കുന്നത്.
“എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഫെബ്രുവരി 13 ന് താൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനും ശേഷം തന്നോട് ആരും ഒരു ചർച്ചയ്‌ക്കും മുൻകൈയെടുക്കാത്തതിനാൽ താൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവയ്‌ക്കുന്നുവെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് അയച്ച കത്തിൽ മൗര്യ പറഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ അദ്ദേഹം കത്ത് പങ്കുവെച്ചു.
ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനുള്ള പ്രത്യേക കത്തിലും മൗര്യ കാരണങ്ങൾ വിശദമാക്കുന്നുണ്ട്. താൻ നിയമസഭാ കൗൺസിലിൽ സമാജ്‌വാദി പാർട്ടി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതിനാൽ, താൻ എംഎൽസി സ്ഥാനവും രാജിവെക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
രാമചരിതമാനസത്തെയും അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെയും കുറിച്ചുള്ള തന്റെ വിവാദ പ്രസ്താവനകളിൽ നേതൃത്വം തന്നോട് വിവേചനം കാണിക്കുന്നുവെന്നും തിരിച്ച് പാർട്ടി നേതൃത്വവുമായി കലഹിക്കാനില്ലെന്നും കാണിച്ചാണ് ഫെബ്രുവരി 13 ന് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം മൗര്യ രാജിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: