കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കീഴ്‌ക്കോടതി വിധി ശരിവച്ച്, വിചാരണകോടതി വിട്ട രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന്റെ അധോഗതിക്ക് ആക്കംകൂട്ടുന്നു. പാര്‍ട്ടിയെ കാലങ്ങളായി പ്രതിരോധത്തിലാക്കിയ ടിപി വധക്കേസ് സംസ്ഥാന രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നതോടെ സിപിഎമ്മിന് തിരിച്ചടി കൂടും. വടകരയില്‍ കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ. ശൈലജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ച പാര്‍ട്ടിക്ക് പുതിയ വിധി കനത്തപ്രഹരമാകുമെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മരണമടഞ്ഞ പ്രതി പി.കെ. കുഞ്ഞനന്തന്‍ അടക്കമുളള 11 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്.
ടിപി വധത്തിന് പിന്നാലെയാണ് വടകരയെന്ന ഉറച്ച മണ്ഡലം സിപിഎമ്മിന് നഷ്ടമായത്. രണ്ടുതവണ മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞതവണ കെ. മുരളീധരനും വന്‍ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി, മുതിര്‍ന്ന നേതാവ് പി. ജയരാജന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എന്നിവരാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇവിടെ നിന്നും സിപിഎം സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് പരാജയപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിപിയുടെ ഭാര്യ കെ.കെ. രമയും വടകരയില്‍ നിന്ന് ജയിച്ചു കയറുകയുമുണ്ടായി. കോടതി വിധിയോടെ ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കല്‍ കൂടി വടകരയില്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ സിപിഎമ്മിന് വീണ്ടും തിരിച്ചടിയാകുമെന്നുറപ്പാണ്.
സിപിഎമ്മിന് പങ്കില്ലെന്ന് നിരന്തരം പാര്‍ട്ടി ആവര്‍ത്തിച്ച ആ കേസില്‍ ശിക്ഷിക്കപ്പെട്ടത് സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തനും പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ക്വട്ടേഷന്‍ വാടകക്കൊലയാളികളുമാണ്. അവരെ തള്ളിപ്പറയാന്‍ പാര്‍ട്ടി നേതൃത്വം ഒരിക്കലും തയാറായിട്ടില്ല. ആദ്യഘട്ടത്തിലെ പ്രതിരോധത്തിന് ശേഷം ടിപി കേസിനെ നേരിടാനായിരുന്നു പാര്‍ട്ടി തീരുമാനം. കുലംകുത്തിയാണെന്ന പ്രസ്താവനയിലൂടെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ അതിന് തുടക്കമിട്ടു. കേസ് നടത്താനും പ്രതികളാക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാനുമെല്ലാം പാര്‍ട്ടി മുന്നിട്ടിറങ്ങി. കേസ് നടത്തിപ്പിനായി പ്രത്യേക ഫണ്ട് സമാഹരിച്ചു. സിപിഎമ്മിന്റെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ചില നേതാക്കള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തി ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ കൊലപാതകച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അതേസമയം, കേസില്‍ പങ്കില്ലെന്ന പഴയ പല്ലവി പറഞ്ഞ് പ്രതിരോധിക്കാന്‍ സിപിഎം വീണ്ടും നീക്കം തുടങ്ങി. ഹൈക്കോടതി വിധി പാര്‍ട്ടിയെ വേട്ടയാടാന്‍ ചില കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഇന്നലെ ആരോപിച്ചു. ഇനിയും അപ്പീല്‍ പോകാന്‍ അവസരമുണ്ടെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: