ന്യൂദല്‍ഹി: മൂന്നാം തവണയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള ആഹ്വാനവുമായി ബിജെപി ദേശീയ കണ്വെന്ഷന് സമാപനം. ബിജെപിക്ക് 370 സീറ്റും എന്‍ഡിഎക്ക് 400 സീറ്റും ഉറപ്പാക്കി ഉജ്വല വിജയം നേടുന്നതിനുള്ള തന്ത്രങ്ങള്‍ ദല്‍ഹി ഭാരതമണ്ഡപത്തിലെ വികസിത ഭാരത നഗറില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ യോഗം ചര്‍ച്ച ചെയ്തു. 2047 ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെയ്പ് നടത്തേണ്ട വര്‍ഷങ്ങളാണ് വരുന്നത്. അതിന് ശക്തവും അഴിമതിരഹിതവും വികസന്മോമുഖവുമായ ഭരണം ആവശ്യമാണെന്നും കണ്വെന്ഷന് ചൂണ്ടിക്കാട്ടുന്നു.
മോദി സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണനേട്ടങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍ കണ്വെന്ഷന് ആഹ്വാനം ചെയ്തു. വികസിത ഭാരതം മോദി ഗ്യാരന്റി, രാമക്ഷേത്രം: ചരിത്രപരവും മഹത്തായതുമായ നേട്ടം, ബിജെപി: രാജ്യത്തിന്റെ പ്രതീക്ഷ, പ്രതിപക്ഷത്തിന്റെ നിരാശ എന്നീ പ്രമേയങ്ങള്‍ ഏകകണ്ഠേന കണ്വെന്ഷന് പാസാക്കി. ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗവും ഇന്നലെ ഭാരതമണ്ഡപത്തില്‍ ചേര്‍ന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം പൂര്‍ണമായി കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ ദേശീയ പ്രസിഡന്റുമാരായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ കണ്വെന്ഷന് നേതൃത്വം വഹിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ സാന്നിധ്യവും രണ്ടു ദിവസവും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ ദേശീയ ഭാരവാഹികള്‍ എന്നിവരും കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയവും പങ്കെടുത്തു.
സംസ്ഥാന ബിജെപി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, എംഎല്‍എമാര്‍, മേയര്‍മാര്‍, ഡെപ്യൂട്ടി മേയര്‍മാര്‍, ദേശീയ എക്സിക്യുട്ടീവ്, ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മോര്‍ച്ചകളുടെ സംസ്ഥാന പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന സെല്‍ കണ്‍വീനര്‍മാര്‍, ബിജെപി ജില്ലാ പ്രസിഡന്റുമാര്‍ തുടങ്ങി 11,500 പേരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: