ന്യൂദൽഹി: പശ്ചിമ ബംഗാളിൽ മമതാ സർക്കാർ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആരോപിച്ചു. സന്ദേശ്ഖാലിയിലെ അക്രമം റിപ്പോർട്ട് ചെയ്ത ടെലിവിഷൻ ജേർണലിസ്റ്റിനെ പൊലീസ് പിടിച്ചുകൊണ്ടു പോയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
“സ്ത്രീകളോട് മോശമായി പെരുമാറുന്ന ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, പശ്ചിമ ബംഗാൾ സർക്കാർ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് വളരെ ദൗർഭാഗ്യകരമാണ്,” – താക്കൂർ തിങ്കളാഴ്ച പറഞ്ഞു.
സന്ദേശ്ഖാലിയിലെ സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ റിപ്പബ്ലിക് ബംഗ്ലാ എന്ന ടെലിവിഷൻ ചാനലിന്റെ റിപ്പോർട്ടറെ പശ്ചിമ ബംഗാൾ പോലീസ് പിടിച്ചുകൊണ്ടുപോയി. ഒരു വനിതാ മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാനം സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കഷ്ടപ്പാടുകൾക്ക് നേരെ കണ്ണടയ്‌ക്കുകയാണെന്ന് താക്കൂർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ നോർത്ത് 24-പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്ത് തൃണമൂൽ കോൺഗ്രസിന്റെ ശക്തനായ ഷാജഹാൻ ഷെയ്ഖിനും അദ്ദേഹത്തിന്റെ അനുയായികൾക്കും എതിരെ ഭൂമി കൈക്കലാക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രദേശത്തെ ധാരാളം സ്ത്രീകൾ പ്രക്ഷോഭം നയിക്കുകയാണ്.
റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട് ജനുവരി 5 ന് ഷെയ്ഖിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചപ്പോൾ മുതൽ ഒളിവിലാണ്.
കൂട്ടബലാത്സംഗം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ഷെയ്ഖിന്റെ രണ്ട് സഹായികളും അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: