വീണ്ടും മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വീണ്ടുമൊരു ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാകുകയാണ് ബിജെപി. ദല്‍ഹി ഭാരതമണ്ഡപത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷന്‍ ഇതിനുള്ള കാഹളം മുഴക്കലായിരുന്നു. ദേശീയ ഭാരവാഹികള്‍ മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ അരയും തലയും മുറുക്കി തെര ഞ്ഞെടുപ്പ് രംഗത്തിറങ്ങുകയാണ്. 24 മണിക്കൂറും കര്‍മ്മരംഗത്താണെങ്കിലും ഇനിയുള്ള നാളുകളില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ, ഉന്മേഷത്തോടെ പ്രവര്‍ത്തിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയും കണ്‍വെന്‍ഷനില്‍ ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണനേട്ടങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും നൂറു ദിവസങ്ങള്‍ കൊണ്ട് എല്ലാവരിലേക്കും എത്തിക്കണമെന്നാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ച പ്രധാനനിര്‍ദ്ദേശം.
ബിജെപിക്ക് 370സീറ്റും എന്‍ഡിഎക്ക് 400 സീറ്റും ഉറപ്പാക്കി ഉജ്ജ്വലവിജയം നേടുകയെന്ന ലക്ഷ്യമാണ് ബിജെപി മുന്നോട്ടു വെക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റും എന്‍ഡിഎ 336 സീറ്റുമാണ് നേടിയത്. 2019ല്‍ സീറ്റു കളുടെ എണ്ണം 303ലേക്ക് ബിജെപി ഉയര്‍ത്തിയപ്പോള്‍ എന്‍ഡി എക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം 353 ആയി. ഇത്തവണ 370 സീറ്റ് എന്ന റെക്കോര്‍ഡ് സംഖ്യയാണ് ലക്ഷ്യം. ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവത്യാഗ ത്തിനുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയായാണ് ബിജെപി 370 സീറ്റുകളിലെ വിജയത്തെ കാണുന്നത്.
ബിജെപിയെ സംബന്ധിച്ചിടത്തോളം 370 എന്നത് വെറുമൊരു സംഖ്യയല്ല, വികാരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കണ്‍വന്‍ഷന്റെ ഭാഗമായി ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തന്റെ ജീവന്‍ തന്നെ ത്യജിച്ച് പരമോന്നത ത്യാഗം നടത്തി. 370 സീറ്റുകള്‍ നേടുന്നത് ശ്യാമപ്രസാദ് മുഖര്‍ജിക്കുള്ള യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയാകും. . ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ചു.
ബിജെപിക്ക് ജനങ്ങളോടു പറയാനുള്ളത് കഴിഞ്ഞ പത്തുവര്‍ഷത്തെ വികസനത്തെക്കുറിച്ച് മാത്രമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദ വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തില്‍ ഭാരതം ഭൂമിയില്‍ മാത്രമല്ല, ആകാശത്തും തിളങ്ങുന്നു. മംഗള്‍യാനില്‍ നിന്ന് ചന്ദ്രയാന്‍ മൂന്നിലേക്കുള്ള യാത്ര, വിജയകരമായ ജി20 അധ്യക്ഷത, 2023നെ അന്താരാഷ്‌ട്ര മില്ലറ്റ് വര്‍ഷമാക്കിയത് എന്നതെല്ലാം ഇതിലെ സുപ്രധാന തിളക്കങ്ങളാണെന്നും വിവിധ ക്ഷേമപദ്ധതികള്‍ അക്കമിട്ട് നിരത്തി ജെ.പി. നദ്ദ പറഞ്ഞു. പാവപ്പെട്ടവരും കര്‍ഷകരും വനിതകളും യുവാക്കളുമാണ് പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 25കോടിയോളം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. 80 കോടിയിലധികം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നു. ഈ കഥ ഇവിടെ അവസാനിക്കുന്നില്ല, ആരോഗ്യം, അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം, തൊഴില്‍ എന്നിങ്ങനെ എല്ലാ മേഖലകളിലും മോദിയുടെ നേതൃത്വം ഓരോ ഭാരതീയന്റെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയാണ്.
ചായക്കച്ചവടക്കാരന്‍ പ്രധാനമന്ത്രിയായ ഒരു പാര്‍ട്ടിയും അഴിമതിയുടെ കളങ്കമുള്ള കുടുംബവാഴ്ചയിലൂന്നിയ 2ജി, 3ജി, 4ജി പാര്‍ട്ടികളും തമ്മിലുള്ള പോരാട്ടമാണ് ലോക്സഭാ തെരഞ്ഞെ ടുപ്പെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ വ്യക്തമാക്കിയതിലൂടെ ചിത്രംതെളിയുകയാണ്. കോണ്‍ഗ്രസുള്‍പ്പെടെയുള്ള ഇന്‍ഡി സഖ്യത്തിലെ മറ്റുപാര്‍ട്ടികളുടെ ലക്ഷ്യമെന്തെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടുന്നു. മക്കളുടെയും കുടുംബത്തിന്റെയും ക്ഷേമം മാത്രമാണ് ഇന്‍ഡി സഖ്യത്തിലെ വിവിധ പാര്‍ട്ടികള്‍ ലക്ഷ്യമിടു ന്നതെന്ന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അമിത്ഷാ പറഞ്ഞു. ബിജെപിയും എന്‍ഡിഎയും രാഷ്‌ട്രമാദ്യം എന്ന തത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പ്രീണനത്തിന്റെയും രാഷ്‌ട്രീയത്തെ ഈ ധിക്കാരപരമായ ഇന്‍ഡി കൂട്ടുകെട്ട് വളര്‍ത്തുകയാണ്. കോണ്‍ഗ്രസും ഇന്‍ഡി സഖ്യവും ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ വോട്ട് ബാങ്കായി മാത്രം ഉപയോഗിച്ചപ്പോള്‍ ബിജെപി സര്‍ക്കാരാണ് ആദ്യമായി ഇവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കിയത്. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ രാജ്യത്തെ മഹത്തരമാക്കുന്ന പ്രക്രിയയില്‍ നിന്ന് കോണ്‍ഗ്രസ് സ്വയം അകന്നുനിന്നതായും അമിത്ഷാ പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷം രാജ്യത്ത് വികസനത്തിന്റെ പുതിയ മാതൃകയാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. 2047ല്‍ വികസിതഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് അടുത്ത അഞ്ചുവര്‍ഷം നിര്‍ണായകമാണ്. ശക്തവും അഴിമതിരഹിതവും വികസനോന്മോമുഖവുമായ ഭരണം ആവശ്യമാണ്. അതുസാധ്യമാക്കാന്‍ ബിജെപിക്കെ സാധിക്കൂ. കഴിഞ്ഞ പത്തു വര്‍ഷത്തെ ഭരണമാണ് പാര്‍ട്ടി മാതൃകയായി മുന്നോട്ടുവെക്കുന്നത്.
വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ വലിയ കുതിച്ചുചാട്ടം നടത്താനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ മൂന്നാം ഊഴം ചോദിക്കുന്നത്, അധികാരം ആസ്വദിക്കാനല്ല, രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ്. അടുത്ത അഞ്ചുവര്‍ഷം ഭാരതത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കണം. പാവപ്പെട്ടവരുടെയും മധ്യവര്‍ഗക്കാരുടെയും ജീവിതം കൂടുതല്‍ മെച്ചപ്പെടണം. കോടിക്കണക്കിനു പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും യുവാക്കളുടെയും സ്വപ്‌നങ്ങളാണ് മോദിയുടെയും സ്വപ്‌നങ്ങളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസം പൂര്‍ണമായി കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, മുന്‍ ദേശീയ പ്രസിഡന്റുമാരായ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ് എന്നിവര്‍ കണ്‍വെന്‍ഷന് നേതൃത്വം വഹിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷിയുടെ സാന്നിധ്യം രണ്ടു ദിവസവും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ ദേശീയ ഭാരവാഹികള്‍ എന്നിവരും കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയവും പങ്കെടുത്തു. വികസിത ഭാരതം മോദി ഗ്യാരന്റി, രാമക്ഷേത്രം: ചരിത്രപരവും മഹത്തായതുമായ നേട്ടം, ബിജെപി: രാജ്യത്തിന്റെ പ്രതീക്ഷ, പ്രതിപക്ഷത്തിന്റെ നിരാശ എന്നീ പ്രമേയങ്ങളും കണ്‍വെന്‍ഷന്‍ ഐക്യകണ്‌ഠേന പാസ്സാക്കി.
ഭാരതീയ ജനസംഘത്തിന്റെയും ബിജെപിയുടെയും ഏഴു പതിറ്റാണ്ടുകളുടെ ചരിത്രത്തില്‍, സമരത്തിന്റെ, അവഗണനയുടെ അടിയന്തരാവസ്ഥയുടെ, തെരഞ്ഞെടുപ്പിലെ ജയപരാജങ്ങളുടെ കാലഘട്ടങ്ങളാണ് കടന്നുപോയത്. ഭൂതകാലത്തില്‍ നാം വിജയിച്ചു. ഭാവിയിലും നാം വിജയിക്കുമെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന നിലയ്‌ക്കാത്ത കയ്യടികളോടെയാണ് ഭാരത മണ്ഡപത്തിലെ പതിനൊന്നായിരത്തിലധികം വരുന്ന പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: