പൂനെ : 2047-ഓടെ ഭാരതീയ നാവികസേന “ആത്മനിർഭർ” (സ്വയം ആശ്രയിക്കൽ) ആയി മാറുമെന്ന് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞു. വിവിധ പ്രതിരോധ പദ്ധതികളിൽ പ്രവർത്തിക്കുന്ന എംഎസ്എംഇയായ നിബെ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ നിർമാണ പ്ലാൻ്റ് പൂനെയിലെ ചക്കനിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ലക്ഷ്യം കൈവരിക്കുന്നതിന് വ്യവസായിക സഹകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിനു വേണ്ട സഹായങ്ങൾ ഒരുത്തിരിയണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. സ്വാശ്രയമെന്നാൽ ഭാരതത്തില എല്ലാ കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ആയുധസംവിധാനങ്ങളും നിർമ്മിക്കുക എന്നതാണ് അർത്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “ഭാരതീയ നാവികസേന ആത്മനിർഭർ കൈവരിക്കാൻ പ്രതിജ്ഞാബദ്ധമാണ്, 2047 ഓടെ ഞങ്ങൾ പൂർണ്ണമായും ആത്മനിർഭർ ആകുമെന്ന് ദേശീയ നേതൃത്വത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്, അതിനായി ഞങ്ങൾക്ക് വ്യവസായത്തിന്റെ സഹായം ആവശ്യമാണ്,” – നാവികസേനാ മേധാവി പറഞ്ഞു.
സ്വാശ്രയത്വത്തിനായുള്ള ദേശീയ കാഴ്ചപ്പാടിന് അനുസൃതമായി രാജ്യത്ത് നമ്മുടെ സ്വന്തം ആയുധ സംവിധാനം നിർമ്മിക്കാനുള്ള ഞങ്ങളുടെ കഴിവിനെ ഈ സൗകര്യം ശക്തിപ്പെടുത്തുന്നുവെന്ന് നാവികസേനാ മേധാവി പറഞ്ഞു. പ്രതിരോധ കപ്പൽ മേഖലയിൽ കൈവരിച്ച സ്വാശ്രയത്വത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് അദ്ദേഹം വാചാലനായി. “ഒരു കപ്പലിന് മൂന്ന് ഘടകങ്ങളുണ്ട് – ഫ്ലോട്ട്, മൂവ്, ഫൈറ്റ്. ഫ്ലോട്ട് ഘടകത്തിൽ, ഞങ്ങൾ ഏകദേശം 95 ശതമാനം (സ്വയം ആശ്രയം) നേടിയിട്ടുണ്ട്. ‘ മൂവ്’ ഘടകത്തിൽ നമ്മൾ 65 ശതമാനത്തിലും ‘ഫൈറ്റ് ‘ ഘടകത്തിൽ ഞങ്ങൾ 55 ശതമാനത്തിലാണ് ” – അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ മുന്നേറുന്നതിനും പോരാട്ട ഘടകങ്ങൾക്കും ഇപ്പോൾ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. നമ്മുടെ എല്ലാ ആയുധങ്ങളും ആയുധ സംവിധാനങ്ങളും സെൻസറുകളും റഡാറുകളും മിസൈൽ ലോഞ്ചറുകളും മിസൈലുകളും എല്ലാം തന്നെ ഭാരതത്തിൽ നിർമ്മിക്കേണ്ടതുണ്ട്. ഇതിനായി ധാരാളം ജോലികൾ നടക്കുന്നുണ്ടെന്നും നാവികസേനാ മേധാവി പറഞ്ഞു.
ഈ ആയുധ സംവിധാനങ്ങളെല്ലാം ഭാരതത്തിൽ നിർമ്മിക്കുന്നത് കേവലം ഒരു സാമ്പത്തിക ആവശ്യം മാത്രമല്ല, രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തിന്റെ ആവശ്യമാണെന്നും അഡ്മിറൽ കൂട്ടിച്ചേർത്തു. പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, നിബ് ലിമിറ്റഡ് ചീഫ് ടെക്‌നോളജി ഓഫീസർ ബാലകൃഷ്ണൻ സ്വാമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: