ന്യൂദൽഹി: കോൺഗ്രസ് വിടുകയാണെന്ന അഭ്യൂഹങ്ങൾക്കിടയിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് അയോദ്ധ്യയിലേക്ക്. ചൊവ്വാഴ്ച കമൽനാഥ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സന്ദർശനം കുടുംബത്തോടൊപ്പമായിരിക്കും. രാമക്ഷേത്രം തുറന്നതിന് പിന്നാലെ ഈ മാസം കമൽനാഥും, മകൻ നകുൽനാഥും ചേർന്ന് നാല് കോടി 30 ലക്ഷം രാമനാമ കത്തുകളുടെ പൂജ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ക്ഷേത്രത്തിൽ എത്തുന്നത്.
കോൺഗ്രസ് നേതൃത്വവുമായുള്ള ധാരണയെ തുടർന്ന് പ്രാണപ്രതിഷ്ഠയിൽ നിന്നും കമൽനാഥ് വിട്ടു നിന്നിരുന്നു. മകൻ നകുൽ നാഥ് സോഷ്യൽ മീഡിയയിലെ തന്റെ ബയോയിൽനിന്ന് കോൺഗ്രസ് ഒഴിവാക്കി. കമൽ നാഥ് നിലവിൽ ദൽഹിയിലുണ്ട്. ബിജെപി നേതാക്കളുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
നേരത്തെ കമൽ നാഥ് മധ്യപ്രദേശിൽനിന്ന് രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് അത് നിരസിക്കുകയായിരുന്നു.
മധ്യപ്രദശേിൽനിന്നുള്ള ഏക ലോക്സഭ കോൺഗ്രസ് എം.പിയാണ് നകുൽ നാഥ്. ചിന്ദ്വാര ലോക്‌സഭാ സീറ്റിൽനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമെന്ന് ഇദ്ദേഹം കഴിഞ്ഞയാഴ്ച സ്വയം പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പായിരുന്നു നകുൽ നാഥിന്റെ നീക്കം. തുടർച്ചയായി ഒമ്പത് തവണ വിജയിച്ച കമൽ നാഥിന്റെ കോട്ടയാണ് ചിന്ദ്വാര.
2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മറ്റു 28 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചിട്ടും, ചിന്ദ്വാരയിൽനിന്ന് വിജയിക്കാൻ നകുൽ നാഥിന് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: