മ്യൂണിക്ക് : ഭാരതത്തിന്റെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ജർമ്മനിയിലെ മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തോടനുബന്ധിച്ച് ഹ്രസ്വമായി കൂടിക്കാഴ്ച നടത്തി. ആറ് മാസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിൽ പരസ്പരം കൂടിക്കാഴ്ച നടത്തിയത്.
ജയശങ്കറും വാംഗും ഒരു ഹ്രസ്വ സംഭാഷണം നടത്തുന്നതായി മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നിന്നുള്ള വീഡിയോ ഫൂട്ടേജുകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കനും ലോകമെമ്പാടുമുള്ള മറ്റ് ഉന്നത നയതന്ത്രജ്ഞരും ഈ പരിപാടിയിൽ പങ്കെടുത്തു. നേരത്തെ ജൂലൈയിൽ ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ വെച്ച് നടന്ന ആസിയാൻ റീജിയണൽ ഫോറത്തിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്.
കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യം 2020 മെയ് മുതൽ അതിർത്തി കടന്നുകയറാൻ ശ്രമിച്ചതുമുതലാണ് ഭാരതം-ചൈന ബന്ധം മരവിച്ചത്. അതിനുശേഷം ഇരു രാജ്യങ്ങളും 20 തവണ കോർപ്സ് കമാൻഡർമാരുടെ തലത്തിലുള്ള ചർച്ചകൾ നടത്തുകയും നാല് പോയിൻ്റുകളിൽ സൈന്യത്തെ പിൻവലിക്കാൻ സമ്മതിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: