മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മദിനത്തിൽ പ്രണാമമർപ്പിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിക്കൊപ്പം ‘ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും ശിവാജി മഹാരാജിന്റെ ജന്മദിനമായ ഇന്ന് പൂനെയിലെ ശിവ്നേരി കോട്ടയിൽ പൂക്കൾ വിതറിക്കൊണ്ട് പ്രണാമമർപ്പിച്ചു.
ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്ത ഷിൻഡെ, ഛത്രപതി ശിവാജി മഹാരാജിന്റെ സംഭാവനകളെ പ്രശംസിക്കുകയും അദ്ദേഹം സമർത്ഥനായ ഭരണാധികാരിയും സാധാരണക്കാരുടെ രാജാവായിരുന്നെന്നും ഓർമ്മപ്പെടുത്തി. കോട്ടയിൽ നടന്ന ചടങ്ങിൽ നടന്ന വിവിധ പരിപാടികളിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പല പ്രമുഖരും പങ്കെടുത്തു.
ഇതിനു പുറമെ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ മഹാരാഷ്‌ട്രയിൽ നിന്നുള്ള 11 കോട്ടകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്തത് സംസ്ഥാനത്തിന് അഭിമാനകരമാണെന്ന് ഷിൻഡെ പറഞ്ഞു. നമ്മുടെ സംസ്ഥാനത്തെ പൈതൃകമായ കോട്ടകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
റായ്ഗഡ് കോട്ടയുടെ മാതൃകയിൽ ശിവനേരി കോട്ടയുടെയും ജുന്നാർ തഹസീലിന്റെയും വികസന പ്രവർത്തനങ്ങൾ വിനോദസഞ്ചാരം പ്രധാന ലക്ഷ്യമാക്കി നടന്നു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മറാത്ത ക്വാട്ടയ്‌ക്കായി തന്റെ സർക്കാർ മഹാരാഷ്‌ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേർത്തതായി ഷിൻഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: