വയനാട്: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനന്തവാടി പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും പാക്കാത്തെ പോളിന്റെയും വീട് ഗവർണർ സന്ദർശിച്ചു. രാവിലെ 9.30ഓടെ അജീഷിന്റെയും 10.15ഓടെ പോളിന്റെയും വീടുകൾ ഗവർണർ എത്തുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്തു.
നേരത്തേ വരണമെന്നു വിചാരിച്ചതാണ് പക്ഷേ സ്ഥലത്തില്ലായിരുന്നുവെന്ന് അജീഷിന്റെ കുടുംബത്തോട് ഗവർണർ പറഞ്ഞു. ഇന്നലെ വരണമെന്നു വിചാരിച്ചെങ്കിലും ഭരണകൂടം അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടിനു പുറത്തിറങ്ങിയ അദ്ദേഹം നാട്ടുകാർ പറഞ്ഞതു മുഴുവൻ കേൾക്കുകയും നൽകിയ നിവേദനം വാങ്ങുകയും ചെയ്തു. തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തുനൽകുമെന്ന് ഗവർണർ ജനങ്ങൾക്ക് ഉറപ്പ് കൊടുത്തു.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വനവാസി ബാലൻ ശരത്തിനെയും ഗവർണർ സന്ദർശിച്ചു. മാനന്തവാടി ബിഷപ്‌സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വൈകിട്ടോടെ വിമാന മാര്‍ഗം തിരികെ തിരുവനന്തപുരത്തേക്കു മടങ്ങും. വന്യജീവി ആക്രമണങ്ങള്‍ക്കെതിരേ ജനരോഷം ശക്തമായിട്ടും കോഴിക്കോട് ഉണ്ടായിരുന്ന വനം മന്ത്രി പോലും വയനാട്ടിൽ എത്തിയിരുന്നില്ല. പ്രതിഷേധങ്ങളെപ്പോലും സർക്കാരും മന്ത്രിയും നിസാരവത്ക്കരിക്കുന്നതിനിടെയാണ് ഗവർണർ വയനാട്ടിൽ എത്തിയത്.
ബെംഗളുരുവിൽ നിന്നുള്ള സി ആർ പി എഫിന്റെ പ്രത്യേക വിഐപി സുരക്ഷ ഗവർണർക്കായി ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: