ആരും ക്ഷണിക്കാതെ എത്തി കല്യാണ പന്തലില്‍ അലങ്കോലം സൃഷ്ടിച്ച് തല്ലുണ്ടാക്കി ചടങ്ങ് മുടക്കി പോകുന്ന അലവലാതികളെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ആ തരത്തില്‍പ്പെട്ട ഒരാള്‍ മന്ത്രിയാകുന്നതും ചരിത്രം സൃഷ്ടിക്കുന്നതും കാണാനുള്ള ഭാഗ്യമോ ദൗര്ഭാഗ്യമോ കഴിഞ്ഞദിവസം മലയാളികള്‍ക്കുണ്ടായി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരള സര്‍വകലാശാലയുടെ യോഗത്തില്‍ ആരും ക്ഷണിക്കാതെ, ആരും പറയാതെ കയറി വന്ന് അധ്യക്ഷ കസേര കയ്യാളി പ്രമേയം അവതരിപ്പിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ഗിന്നസ് ബുക്കിലേക്ക് എത്തുകയാണ്.
സര്‍വ്വകലാശാലാ നിയമമനുസരിച്ച് സിന്‍ഡിക്കേറ്റ്, സെനറ്റ് യോഗങ്ങളില്‍ അധ്യക്ഷത വഹിക്കാനുള്ള അധികാരം വൈസ് ചാന്‍സലറില്‍ നിക്ഷിപ്തമാണ്. സെനറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ കൂടാതെ അധ്യക്ഷത വഹിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കു മാത്രമാണുള്ളത്. സാധാരണ യോഗങ്ങളില്‍ മാത്രല്ല, സര്‍വകലാശാല ഓണററി ബിരുദങ്ങള്‍, ഡിലിറ്റ് തുടങ്ങിയവ നല്കുമ്പോള് അത് തീരുമാനിക്കുന്ന യോഗത്തിലും ബിരുദ ദാനം ചെയ്യുന്ന യോഗത്തിലും അധ്യക്ഷത വഹിക്കുന്നത് ഗവര്‍ണര്‍ ആണ്. ഗവര്‍ണറുടെ അഭാവത്തില്‍ ഗവര്‍ണറുടെ ചുമതല വഹിക്കാനുള്ള അധികാരം മാത്രമാണ് പ്രൊ ചാന്‍സലറായ വിദ്യാഭ്യാസ മന്ത്രിക്കുള്ളത്. കേരള ഗവര്‍ണര്‍ സെനറ്റ് യോഗം നടക്കുന്ന ദിവസം സംസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ അല്ലെങ്കില്‍ തന്റെ ഏതെങ്കിലും ചുമതല നിര്‍വഹിക്കാന്‍ ഗവര്‍ണര്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇത് സംബന്ധിച്ച ഒരു നിര്‍ദ്ദേശവും രാജ്ഭവനില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയിട്ടുമില്ല.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മലിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതല്ല. ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി അംഗമടക്കം നല്കിയ പാനലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമിച്ചത്. ചരിത്രത്തില്‍ ഇതുവരെ ഏതെങ്കിലും തരത്തില്‍ ഒരു ക്രമക്കേടും കാട്ടാത്ത ആദര്‍ശ ശുദ്ധിയുള്ള സത്യസന്ധനായ മോഹന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയം കളിക്കാനോ മന്ത്രിയുടെയും ഇടതു യൂണിയന്റെയും തീരുമാനങ്ങള്‍ക്കനുസരിച്ച് ആടി കളിക്കുന്ന കുഞ്ഞിരാമന് ആകാനും തയ്യാറാകാത്തതു കൊണ്ടാണ് ‘ഹെഡില്‍ ഹൗസുമായി’ നടക്കുന്ന വിദ്യാഭ്യാസ മന്ത്രി ആരും ക്ഷണിക്കാതെ ആരും നിര്‍ദ്ദേശിക്കാതെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഗവര്‍ണര്‍ നിയോഗിക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്തില്ല എന്നതു പോകട്ടെ, വൈസ് ചാന്‍സലര്‍ ഔദ്യോഗികമായി മന്ത്രിയെ ക്ഷണിച്ചിട്ടുമില്ല. അപ്പോള്‍ പിന്നെ ആരു പറഞ്ഞിട്ടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതും വൈസ് ചാന്‍സലറുടെ കസേരയില്‍ ഇരുപ്പുറപ്പിച്ചതും? പണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കസേരയില്‍ ഒരാള്‍ മണിക്കൂറുകളോളം കയറിയിരുന്നത് വാര്‍ത്തയായിരുന്നു. പക്ഷേ, അത് മാനസികാസ്വാസ്ഥ്യം ഉള്ള ഒരാളായിരുന്നു. ഗവര്‍ണര്‍ അയക്കാതെ വൈസ് ചാന്‍സലര്‍ ക്ഷണിക്കാതെ വലിഞ്ഞുകയറി വന്ന് അധ്യക്ഷപദവി അലങ്കരിക്കാനുള്ള സ്ഥാനം ആണോ, സ്ഥലമാണോ കേരള സര്‍വകലാശാല? ഈ സര്‍വകലാശാല ആരംഭിച്ച സമയത്ത് അന്ന് വൈസ് ചാന്‍സലര്‍ ആകാന്‍ ക്ഷണിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ആയിരുന്നു. ആ പദവിയിലേക്കാണ് ആരും പറയാതെ ആരും ക്ഷണിക്കാതെ ആര്. ബിന്ദു കടന്നു വന്നിരുന്നത് എന്നകാര്യം ഓര്‍മ്മിക്കണം. ഇത് സര്‍വകലാശാല നിയമത്തിന്റെ ലംഘനമാണ്.
കേരള സര്‍വകലാശാല നിയമം 9(9) വകുപ്പാണ് ഇത് സംബന്ധിച്ച കാര്യം വ്യക്തമാക്കുന്നത്. ഈ വകുപ്പ് അനുസരിച്ച് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമി കൗണ്‍സില്‍ തുടങ്ങിയ സമിതികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനുള്ള അധികാരമാണ് വൈസ് ചാന്‍സലറില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളത്. വകുപ്പ് 7 (2) അനുസരിച്ച് ചാന്‍സലറായ ഗവര്‍ണര്‍ യോഗത്തില്‍ പങ്കെടുത്താല്‍ അദ്ദേഹം സെലക്ട് യോഗത്തില്‍ അധ്യക്ഷത വഹിക്കും. പ്രോ ചാന്‍സലര്‍ ആയ വിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങള്‍ നിശ്ചയിച്ചിട്ടില്ല. ചാന്‍സലറുടെ അഭാവത്തില്‍ മാത്രമേ ചാന്‍സലറുടെ അധികാരങ്ങള്‍ നിര്‍വഹിക്കാനാകൂ. ഗവര്‍ണര്‍ സംസ്ഥാനത്തുള്ളപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശമോ അനുവാദമോ ഇല്ലാതെ യോഗത്തില്‍ പങ്കെടുക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധികാരമില്ല.
മാത്രമല്ല സര്‍വകലാശാലകളിലെ നിയമനം, വൈസ് ചാന്‍സലര്‍ നിയമനം എന്നിവ സുതാര്യവും പക്ഷപാതരഹിതവും ആയിരിക്കണമെന്ന് കോടതിവിധി വളരെ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ ഈ നിര്‍ദ്ദേശത്തിന്റെ പൂര്‍ണ്ണമായ ലംഘനം കൂടിയാണ് ആര്.ബിന്ദുവിന്റെ നടപടി. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിയമിക്കാനുള്ള സെനറ്റ് യോഗത്തില്‍ എങ്ങനെയാണ് മന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയുക? ഇത് കോടതിയലക്ഷ്യം അല്ലേ?
വിദ്യാഭ്യാസ മന്ത്രി വൈസ് ചാന്‍സലറുടെ കസേര കയ്യടക്കി അധ്യക്ഷപദവി സ്വയം ഏറ്റെടുത്തത് തികച്ചും നികൃഷ്ടവും അപമാനകരവും ആണെന്ന് അവര്‍ക്ക് മനസ്സിലാകാത്തത് അവരെ നയിക്കുന്ന രാഷ്ട്രീയത്തിന്റെ അന്ധത കൊണ്ടാണ്. മന്ത്രിപദവിയില്‍ ഇരിക്കുമ്പോള്‍ മാന്യമായും കുലീനമായും പെരുമാറാനുള്ള അന്തസ്സ് മന്ത്രിക്ക് ഉണ്ടാവണം. സാധാരണ എസ്എഫ്ഐ, ഇടതുപക്ഷ ട്രേഡ് യൂണിയന് നേതാക്കളെ പോലെ വൈസ് ചാന്‍സലറുടെ കസേര പിടിക്കാനും ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനും ഒക്കെ ഒരു മന്ത്രി മുന്നിട്ടിറങ്ങുമ്പോള്‍ അവരുടെ നിലവാരം എത്രമാത്രം ഇടിയുന്നു, താഴ്ന്നു എന്നകാര്യം മനസ്സിലാക്കാനുള്ള ബോധം ഇനിയെന്നാണ് ഉണ്ടാവുക? മാത്രമല്ല, മന്ത്രിയുടെ അധ്യക്ഷതയില്‍ അംഗീകരിച്ചു എന്ന് അവകാശപ്പെടുന്ന പ്രമേയം റദ്ദാക്കാനും തള്ളാനുമുള്ള അധികാരം ചാന്‍സലര്‍ കൂടിയായ ഗവര്ണര്ക്കുള്ളപ്പോള് ഈ നാടകം കൊണ്ട് എന്ത് പ്രയോജനമുണ്ടായി? ചാന്‍സലര്‍ എന്ന നിലയില്‍ ചട്ടം ലംഘിച്ച് ഈ യോഗത്തില്‍ പങ്കെടുത്തതിന്, കോടതിവിധി അനുസരിച്ച് അംഗങ്ങളെ അയക്കാതെ യോഗം അലങ്കോലപ്പെടുത്തിയതിന്, ഗവര്‍ണര്‍ നോട്ടീസ് തന്നാല്‍ ഹൈക്കോടതിയില്‍ അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ എന്തായിരിക്കും ഈ മന്ത്രിയുടെ സ്ഥിതി എന്നകാര്യം കൂടി ഇപ്പോള്‍ ആലോചിക്കണം.
മുഖ്യമന്ത്രി പിണറായി വിജയന്റെ അരസമ്മതം ഇല്ലാതെ മന്ത്രി ബിന്ദു ഇത്തരം ഒരു ഊളത്തരത്തിന് പുറപ്പെടുമെന്ന് തോന്നുന്നില്ല. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവര്‍ വിഡ്ഢികളാണ്. ഇത് സ്വാമി വിവേകാനന്ദന് പറഞ്ഞ വാക്കുകളാണ്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കൈപൊള്ളിയത് മന്ത്രി ബിന്ദുവിനാണ് എന്നകാര്യം ആരു മറന്നാലും കേരളത്തിലെ പൊതുസമൂഹം മറക്കില്ല. കണ്ണൂര്‍ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കിയപ്പോള് മന്ത്രിസഭയുടെയും മന്ത്രിമാരുടെയും സ്വാധീനം അതില്‍ വ്യക്തമാണെന്ന് കണ്ടാണ് കോടതി നിയമനം റദ്ദാക്കിയത്. അന്ന് പുറത്തുവന്ന രണ്ടു കാര്യങ്ങള്‍ ഓര്‍മിക്കണം. മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ നേരില്‍ കണ്ട് ഗോപിനാഥ് രവീന്ദ്രന് തന്റെ നാട്ടുകാരന് ആണെന്നും പരിചയക്കാരന് ആണെന്നും അതുകൊണ്ട് പുനര്‍നിയമനം നല്‍കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷേ രേഖാമൂലം ഇക്കാര്യം എഴുതിക്കൊടുക്കുകയോ, കത്തു കൊടുക്കുകയോ, ശുപാര്‍ശ ചെയ്യുകയോ ചെയ്തതായി യാതൊരു തെളിവുമില്ല. അതേസമയം ഗോപിനാഥ് രവീന്ദ്രനെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി എഴുതിയ കത്ത് രാജ്ഭവന് സുപ്രീംകോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സ്വാധീനം വ്യക്തമായത്. മന്ത്രിയുടെ ഹെഡ്ഡില്‍ ഹൗസ് മാത്രമേ ഉള്ളൂ എന്നും അല്പമെങ്കിലും ബുദ്ധിയോ യുക്തിയോ ഇല്ലെന്നും പൊതുസമൂഹത്തിന് മനസ്സിലായത് അപ്പോഴാണ്. ഒപ്പം പിണറായി എത്ര കുശാഗ്ര ബുദ്ധിയാണെന്നും.
മന്ത്രിയുടെ കത്ത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മാത്രമല്ല, സ്വജന പക്ഷപാതം കൂടിയാണ്. ഇതില്‍ വ്യക്തമായ സത്യപ്രതിജ്ഞാ ലംഘനവുമുണ്ട്. പക്ഷേ അത് ആ രീതിയില്‍ ഉന്നയിക്കാനും നടപടിയെടുക്കാനും നിയമത്തിന്റെ വഴിയെ പോകാനുമുള്ള തന്റേടം ഒന്നും വി.ഡി.സതീശനും പ്രതിപക്ഷത്തിനും ഇല്ലാത്തതുകൊണ്ട് ഇത്തരം മന്ത്രിമാര്‍ യോഗ്യതയുള്ള മികച്ച പ്രതിഭകളെ സര്‍വ്വകലാശാലയുടെ അടുത്തുകൂടി വരാന്‍ സമ്മതിക്കുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടായേ കഴിയൂ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇക്കാര്യത്തില്‍ പിന്തുണ നല്‍കേണ്ടതുമുണ്ട്. സര്‍വകലാശാലകള്‍ മുഴുവന്‍ യാതൊരു യോഗ്യതയും ഇല്ലാത്ത, ഇടതു നേതാക്കന്മാരുടെ ഭാര്യമാരെ കൊണ്ട് കുത്തിനിറയ്ക്കുമ്പോള്‍ അക്കാദമിക് മികവുള്ളവര്‍ കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളിലേക്കും വിദേശത്തേക്കും ചേക്കേറുകയാണ്. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസറുടെ കഥ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നതാണ്. ഇനിയെങ്കിലും അഴിമതിക്കാര്‍ അല്ലാത്ത, രാഷ്ട്രീയക്കാരുടെ ഏറാന്‍ മൂളികള്‍ അല്ലാത്ത, വൈസ് ചാന്‍സലര്‍മാരെ നിയമിച്ച് യോഗ്യതയുള്ളവര്‍ക്ക് അധ്യാപക നിയമനം നല്കി ഒരു ശുദ്ധീകരണത്തിനാണ് ഗവര്‍ണര്‍ ശ്രദ്ധിക്കേണ്ടതും ശ്രമിക്കേണ്ടതും. പ്രോ ചാന്‍സലര്‍ എന്ന പേരില്‍ ശുപാര്‍ശ കത്തുമായി വരുന്ന മന്ത്രിയെ അഴിമതിക്ക് പ്രോസിക്യൂട്ട് ചെയ്യാനോ പുറത്താക്കാനോ ഉള്ള അധികാരം ആണ് ഗവര്‍ണര്‍ ഉപയോഗിക്കേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: