കാണ്‍പൂര്‍: വ്യക്തിനിര്‍മാണത്തില്‍ നിന്ന് രാഷ്ട്രനിര്‍മാണത്തിലേക്കുള്ള പാതയാണ് ആര്‍എസ്എസ് ശാഖകളെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
രാഷ്ട്രനിര്‍മാണത്തിലേക്കുള്ള ആ പാതയില്‍ നിരവധി തലമുറകളിലെ അനേകായിരങ്ങള്‍ ഒപ്പം ചേര്‍ന്നു. ഒരുമിച്ചു ചേര്‍ന്നു. ഒപ്പം നടന്നു. ജാതി ചോദിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള ഭിന്നതകളുണ്ടായില്ല. മുന്നില്‍ രാഷ്ട്രത്തിന്റെ പരമമായ വൈഭവം എന്നത് മാത്രമായിരുന്നു ലക്ഷ്യം, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് കാണ്‍പൂര്‍ മഹാനഗര്‍ ശാഖാടോളി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയത വ്യാപകമായിരുന്ന കാലത്തും സംഘത്തിന്റെ ശാഖകളില്‍ ആരും പരസ്പരം ഏത് ജാതിയിലുള്ളവരെന്ന് അറിഞ്ഞില്ല. വിവേചനമില്ലായ്മയുടെ ആ വിശുദ്ധി ആര്‍എസ്എസ് അന്ന് മുതല്‍ ഇന്നുവരെയും കാത്തുസൂക്ഷിച്ചിട്ടുണ്ട്. ഇത് നമ്മള് തുടര്‍ന്നുവരുന്ന പാരമ്പര്യമാണ്. വ്യക്തിനിര്മാണമെന്നത് കുറവുകളില്ലാത്ത വ്യക്തികളെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ്. ശാഖയിലെത്തുന്ന സ്വയംസേവകന് അവനവനെക്കുറിച്ചല്ല, രാഷ്ട്രതാത്പര്യത്തെക്കുറിച്ചാണ് കൂടുതലും ചിന്തിക്കുന്നത്. ലളിതമെന്ന് തോന്നുമെങ്കിലും അത് അനായാസമല്ല, അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രവര്ത്തകന് സമാജമാകെ സ്വന്തം കുടുംബമാണ്. ഇതാണ് സംഘത്തിന്റെ സംസ്കാരം. ഓരോ കുടുംബത്തിന്റെയും സങ്കടങ്ങളും ആഘോഷങ്ങളും സ്വയംസേവകരുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. മൈതാനമോ പാര്‍ക്കോ പോലെ തുറന്ന ഇടങ്ങളിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്. അത് ഒരു ആത്മീയ പരിശീലന കേന്ദ്രമാണ്, സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ക്ഷേത്ര സംഘചാലക് വീരേന്ദ്ര പരാക്രമാദിത്യ, പ്രാന്ത സംഘചാലക് ഭവാനി ഭിക്, വിഭാഗ് സംഘചാലക് ഡോ. ശ്യാം ബാബു ഗുപ്ത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: