കോഴിക്കോട്: വന്യജീവി ആക്രമണത്തില്‍ വയനാട്ടുകാര്‍ ദുരിതമനുഭവിക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും. മണ്ഡലം സന്ദര്‍ശിക്കാനെത്തിയ എംപി രാഹുല്‍ ഗാന്ധിയാകട്ടെ ഓട്ടപ്രദക്ഷിണം നടത്തി മടങ്ങി. ഇതില്‍ വയനാടന്‍ ജനതയ്ക്ക് പ്രതിഷേധം ഏറെയാണ്. അവരുടെ പൊതു വികാര പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനുപകരം നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തതിലും കേസെടുത്തതിലും ജനങ്ങള്‍ അസ്വസ്ഥരാണ്.
മുഖ്യമന്ത്രിക്ക് ഇന്നലെ കോഴിക്കോട്ട് രണ്ടു പരിപാടികളായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖവും വൈകിട്ട് 3.30 ന് വികെസി ഗ്രൂപ്പ് ചെയര്മാന് വി.കെ.സി. മമ്മദ് കോയയുടെ പുസ്തക പ്രകാശനവും. പിന്നീട്് നാലരയ്ക്ക് കരിപ്പൂരില്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനും സമയം കണ്ടെത്തിയ മുഖ്യമന്ത്രി കാട്ടാന-കടുവ ആക്രമണക്കൊലയില് പ്രതിഷേധമിരമ്പുന്ന വയനാട്ടിലേക്ക് പോകാന്‍ തയാറായില്ല.
വന്യജീവികളുടെ അക്രമണത്തെത്തുടര്‍ന്ന് ഉണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നതിന് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്കെത്തിയത്. 250 ക്യാമറകള്‍ വനത്തില്‍ സ്ഥാപിക്കാനാണ് യോഗമെടുത്ത ഏക തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ട് ഉണ്ടായിരുന്ന വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രനും വയനാട്ടിലേക്ക് പോകാനോ സ്ഥിതിഗതികള്‍ വിലയിരുത്താനോ തയാറായില്ല.
വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് വാര്ഡന് പോളിന് യഥാസമയം ചികിത്സ നല്‍കാഞ്ഞതാണ് മരണ കാരണമായത്. മാനന്തവാടിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്’ ഉണ്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോളിനെ മാറ്റുകയായിരുന്നു. അടിയന്തിര ചികിത്സയ്ക്കുള്ള സംവിധാനങ്ങളോ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളോ മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം പ്രഖ്യാപിച്ചാല്‍ തീരുന്നതല്ല വയനാട്ടുകാരുടെ പ്രശ്നം. യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.
ലോക്സഭാംഗം രാഹുലാകട്ടെ വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തിട്ടില്ല, നിര്‍ദ്ദേശം പോലും പറഞ്ഞിട്ടില്ല. ചികിത്സാസഹായമടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ നേരത്തെയുണ്ടായിരുന്ന, അന്തരിച്ച എം.എ. ഷാനവാസടക്കമുള്ള ജനപ്രതിനിധികള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ രാഹുലിന് അതിനും സംവിധാനങ്ങളില്ല. നല്ലൂര് നാട്ടിലുള്ള സര്‍ക്കാര്‍ കാന്‍സര്‍ സെന്ററിന് സഹായം നല്‍കിയതാണ് എംപിയുടെ ഏക നേട്ടമായി പറയാനാകുന്നത്.
രണ്ടാഴ്ച മുമ്പ് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയില്‍ കാട്ടാന ആക്രമിച്ച് വാരിയെല്ലുകള്‍ തകര്‍ന്ന് കിടക്കുന്ന ശരത് എന്ന ഗോത്രവിദ്യാര്ത്ഥിയെ തിരിഞ്ഞ് നോക്കാന്‍ പോലും ഇന്നലെ രാഹുലിന് സമയം കിട്ടിയില്ല. രാഹുലിന്റെ യാത്രാ റൂട്ടില്‍ നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് ശരത്തിന്റെ വീട്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശരതിന് ആവശ്യമായ ചികിത്സപോലും ലഭ്യമാക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: