കൊച്ചി: സ്ത്രീകള്‍ സ്വന്തം ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കണമെന്ന് ഡിആര്‍ഡിഒ(ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) മുന്‍ ഡയറക്ടര്‍ ഡോ. ടെസി തോമസ്. എറണാകുളത്ത് എളമക്കര ഭാസ്കരീയം കണ്വന്ഷന് സെന്ററില്‍ സംഘടിപ്പിച്ച മഹിളാ സമന്വയ വേദി സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ടെസി.
സ്ത്രീശാക്തീകരണം കുടുംബത്തില്‍നിന്നാണ് തുടങ്ങേണ്ടത്. ആണ്, പെണ് വേര്‍തിരിവില്ലാതെ ഇരുവരെയും ഒരേപോലെ പരിഗണിക്കണം. എങ്കിലേ അവര്‍ക്ക് സമൂഹത്തില്‍ സമത്വം ലഭിക്കുന്നുണ്ടെന്ന ചിന്ത ഉണ്ടാവൂ. മറ്റുള്ളവരെ ബഹുമാനിക്കുകയും സ്വയം ബഹുമാനിക്കുകയും ചെയ്താല്‍ മാത്രമേ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റൂ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ കീഴില്‍ ഡിആര്‍ഡിഒയില്‍ പരിശീലിച്ച കാലത്ത് അദ്ദേഹം ഒരിക്കലും ആണ്, പെണ് വേര്‍തിരിവ് കാണിച്ചിട്ടില്ല. സ്ത്രീക്ക് തൊഴിലും കുടുംബവും ബാലന്‍സ് ചെയ്യാന്‍ സാധിക്കണമെങ്കില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വേണം. ഡോ. ടെസി പറഞ്ഞു.
സ്ത്രീകള്‍ക്ക് കുടുംബത്തെ സംരക്ഷിക്കാനും പരിചരിക്കാനും പുതുതലമുറകളെ സൃഷ്ടിക്കുവാനുമുള്ള കഴിവുണ്ടെങ്കില്‍ സമൂഹത്തെയും അതുവഴി രാഷ്ട്രത്തെയും പുന:സൃഷ്ടിക്കുവാന്‍ കഴിയുമെന്ന് മുഖ്യാതിഥിയായ പി.ടി. ഉഷ എംപി
പറഞ്ഞു. സ്ത്രീകള്‍ മഹാഭാരതത്തിലെ ദ്രൗപദിയെപ്പോലെയാകണം. ധൈര്യവും ആത്മവിശ്വാസവും ബുദ്ധിസാമര്‍ഥ്യവും അവര്‍ക്കുണ്ടായിരുന്നു. തിരിച്ചടികളെ നേരിടാനും കഷ്ടകാലത്തെ അതിജീവിക്കുവാനും പ്രതിബന്ധങ്ങളെ തട്ടിയകറ്റാനുമുള്ള മനക്കരുത്തും പ്രതിഭയുമുള്ളവളായിരുന്നു ദ്രൗപദി. ഏത്് പണ്ഡിതനോടും തെറ്റ് തെറ്റാണെന്ന് അവള് പറഞ്ഞു, ഉഷ ചൂണ്ടിക്കാട്ടി.
സ്നേഹം, ദയ, സഹാനുഭൂതി തുടങ്ങിയ സദ്ഗുണങ്ങളുടെ മൂര്ത്തിമദ്് ഭാവമാണ് സ്ത്രീകളെന്ന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കര്‍ത്തവ്യങ്ങള്‍ ക്യത്യമായി ചെയ്യുക, ഒരു പരാതിയുമില്ലാതെ കര്‍ത്തവ്യങ്ങള്‍ ചെയ്താല്‍ മനസ് ശുദ്ധമാകും. മനസ് ശുദ്ധമായാല്‍ മാത്രമേ ഈശ്വരാന്വേഷണത്തിന് സ്ത്രീക്ക് സാധിക്കൂ എന്നും അവര്‍ പറഞ്ഞു.
ചടങ്ങില്‍ മഹിളാ സമന്വയവേദി എറണാകുളം ജില്ലാ അധ്യക്ഷ ഡോ. വന്ദന ബാലകൃഷ്ണന്, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന ബാഹുലേയന്, മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജനം, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, വ്യാപാരി വ്യവസായി സംഘ് ജില്ലാ സെക്രട്ടറി ഗായത്രി ഗിരീഷ്, മഹിളാ സമന്വയ വേദി ദേശീയ സംയോജക ബിന്ദു. കെ, സംസ്ഥാന സംയോജക അഡ്വ. അഞ്ജന ദേവി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: