തിരുവനന്തപുരം: വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി മാസപ്പടി വാങ്ങിയ കേസില്‍ അന്വേഷണം തുടരാമെന്ന് കാര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത് സിപിഎമ്മിനെ ഊരാക്കുടുക്കിലാക്കി. വിണാ വിജയനെ വിശുദ്ധയാക്കി മുഖ്യമന്ത്രിയുടെ കൈകള്‍ പരിശുദ്ധമെന്ന് പറഞ്ഞ് പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ചക്ക് നല്‍കിയ കൈപ്പുസ്തകത്തിലെ രേഖ സംബന്ധിച്ച് ഇനി എന്തു വിശദീകരണം നടത്തണമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ധൃതിപിടിച്ച് മുഖ്യമന്ത്രിയെയും മകളെയും വിശ്വസിച്ച് പാര്‍ട്ടി രേഖ അച്ചടിച്ച് വിതരണം ചെയ്തത്. അമളി പറ്റിയെന്നും ധൃതിപിടിച്ച് വേണ്ടിയില്ലായിരുന്നുവെന്നും നേതൃത്വം വിലയിരുത്തുന്നു. സാധാരണ പാര്‍ട്ടിയുമായി ബന്ധമുള്ള ആര്‍ക്കെതിരെയെങ്കിലും ആരോപണം ഉയര്‍ന്നാല്‍ പാര്‍ട്ടി കമ്മിറ്റിയെ നിയമിക്കും, അവര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കി നടപടി സ്വീകരിക്കും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെയാണ് മുഖ്യമന്ത്രിയെയും വീണാ വിജയനെയും വിശുദ്ധയാക്കി പാര്‍ട്ടി രേഖ പുറത്തിറക്കിയത്. കൂടാതെ, കനേഡിയന്‍ കമ്പനിയിലും വീണാ വിജയന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ കേസില്‍പെട്ട് പ്രതിയായപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറിനിന്നു. ധാര്‍മികതയുടെ പേരില്‍ മാറിനില്‍ക്കുന്നുവെന്നാണ് കോടിയേരി പറഞ്ഞത്. മക്കള്‍ തെറ്റ് ചെയ്തതിനാല്‍ മാറിനിന്നുവെന്നാണ് കിഴ്ഘടകങ്ങളില്‍ പാര്‍ട്ടി വിശദീകരിച്ചതും. സമാന രീതിയിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി രാജിവയ്‌ക്കാതെ മകള്‍ ചെയ്തത് ശരിവയ്‌ക്കുന്ന നിലപാടാണ് ഉണ്ടായത്. ഇത് നേതാക്കള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു പാര്‍ട്ടി ആദ്യം വിശദീകരിച്ചത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ വെട്ടിലായ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുള്‍പ്പെടെ മിണ്ടാട്ടമില്ലാതായി. ഇപ്പോള്‍ പിണറായി ഒതുക്കി മൂലയ്‌ക്കിരുത്തിയ എം.എം. ബേബി ന്യായീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: