അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ അതിക്രമിച്ച് കയറിയ യുവാവ് വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന ആഭരണങ്ങളും വിളക്കും പീഠവും നശിപ്പിച്ചു. അങ്ങാടിപ്പുറം സ്വദേശി രാജേഷാണ് ആക്രമണം നടത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് ഇയാളെന്ന് പോലീസ് പറയുന്നു.
ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. മംഗല്യ പൂജയും ഞായറാഴ്ച്ചയുമായതിനാല്‍ ക്ഷേത്രത്തില്‍ ധാരാളം ഭക്തജനങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ കിഴക്കേ നടയിലൂടെ ശ്രീകോവിലിനകത്തേക്ക് പ്രവേശിച്ച യുവാവ് നമസ്കാരമണ്ഡപത്തില്‍ കയറിയിരുന്നു. ഇതില്‍ അസ്വാഭാവികത തോന്നിയ ക്ഷേത്രം ജീവനക്കാര്‍ ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് തെക്കേനടയിലൂടെ പുറത്തുവന്ന ഇയാള്‍ കുതറിയോടി വടക്കേ നടയിലൂടെ വീണ്ടും ശ്രീകോവിലില്‍ പ്രവേശിച്ച് ദേവിയുടെ ആറാട്ടിനെഴുന്നെള്ളിക്കുകയും നിത്യപൂജ ചെയ്യുകയും ചെയ്യുന്ന ബിംബം എടുത്തെറിയുകയും പീഠം ഇളക്കുകയും നിലവിളക്കുകളും മാലയും വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് നിലവിളക്കിലെ എണ്ണ ശരീരത്തിലൊഴിച്ചു.
ഇയാളെ പിടികൂടാനും അനുനയിപ്പിക്കാനും ശ്രമിച്ചവരെ ഇയാള്‍ പൂജാപാത്രങ്ങളും വിളക്കുകളും എടുത്തെറിഞ്ഞു. ശ്രീകോവിലിനകത്ത് ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ക്ഷേത്രം ജീവനക്കാര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒന്നും ചെയ്യാനാവാതെ വന്നപ്പോള്‍ നാട്ടുകാരായ ഭക്തജനങ്ങള്‍ ശ്രീകോവിലിനുള്ളില്‍ കയറി യുവാവിനെ വരുതിയിലാക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം ജീവനക്കാരും സൂരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് യുവാവിനെ പോലീസിന് കൈമാറി.
പെരിന്തല്‍മണ്ണ പോലീസ് യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് ഇയാളെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് ചികിത്സക്കായി കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇയാള്‍ 2022ല്‍ ജൂബിലി റോഡിന് സമീപത്ത് വച്ച് ഓടുന്ന ബസിന് മുന്നിലെ ചില്ല് തകര്‍ത്ത് ഉള്ളില്‍ പ്രവേശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: