തിരുവനന്തപുരം: ഒരു വര്‍ഷത്തെ സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 22ന് തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് ടാഗോര്‍ തീയേറ്ററില്‍ വൈകുന്നേരം 6 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉദ്ഘാടനം നിര്‍വഹിക്കും.
ബസേലിയസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ശ്രീകുമാരന്‍ തമ്പി, ഡോ. ജോര്‍ജ് ഓണക്കൂര്‍, കുമ്മനം രാജശേഖരന്, ഡോ.എം.വി. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, പന്ന്യന്‍ രവീന്ദ്രന്, എം. വിജയകുമാര്‍, ഒ.വി. ഉഷ, ഇഞ്ചക്കാട് ബാലചന്ദ്രന്, ഡോ.എന്‍. രാധാകൃഷ്ണന്, ടി.കെ.എ. നായര്‍, ഡോ. വി. സുഭാഷ്ചന്ദ്രബോസ്, എന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അഞ്ചു മണിക്ക് ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്ക്കാരത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം. ഏഴു മണിക്ക് സുഗതകുമാരിയുടെ ‘കൃഷ്ണാ നി എന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്കാരം നടിയും നര്‍ത്തകിയുമായ ആശാ ശരത് നിര്‍വഹിക്കും.
സുഗതകുമാരിയുടെ ജന്മസ്ഥലമായ ആറന്മുളയില് ഒരേക്കര്‍ സ്ഥലത്തു സുഗതവനം സജ്ജമാക്കല്‍, സ്കൂളുകളില്‍ ഇക്കോ ക്ലബുകള്‍ വഴി സുഗത വനങ്ങള്‍ വെച്ചുപിടിപ്പിക്കല്‍, വിദ്യാര്‍ത്ഥികള്‍ക്ക് സുഗതകുമാരി കൃതികളെ അടിസ്ഥാനമാക്കി മത്സരങ്ങള്‍, മനുഷ്യാവകാശ പാരിസ്ഥിതിക രംഗങ്ങളില്‍ പ്രശംസനീയമായി പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുഗത പുരസ്കാരം തുടങ്ങി വിവിധ പരിപാടികള്‍ ഒരു വര്‍ഷത്തിനകം നടപ്പിലാക്കാനാണ് തീരുമാനം. എല്ലാ സംസ്ഥാനങ്ങളിലും ‘സുഗത വനങ്ങള്‍’ക്കായി വൃക്ഷതൈകള്‍ നടുന്ന ചടങ്ങുകളും സംഘടിപ്പിക്കും. സുഗതകുമാരി ഉയര്‍ത്തിപ്പിടിച്ച ആശയദര്‍ശനങ്ങളുടെ പ്രചരണര്‍ത്ഥം ‘സുഗതം വിശ്വമയം’ എന്ന പേരില്‍ വിവിധ രാജ്യങ്ങളില്‍ പൊതുപരിപാടികള്‍ നടത്തുമെന്ന് നവതി ആഘോഷ സമിതി അന്താരാഷ്ട കോര്‍ഡിനേറ്റര്‍ ഡോ. എം.വി. പിള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: