മ്യൂണിച്ച് : ഇന്ത്യയുടെ വിദേശനയത്തെ കളിയാക്കിക്കൊണ്ടായിരുന്നു ജര്‍മ്മനിയില്‍ നടക്കുന്ന മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന് നേരെ യൂറോപ്യന്‍ യൂണിയന് പ്രതിനിധികളുടെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നത്. “പണ്ട് നിങ്ങളുടെ വിദേശ നയത്തിന്റെ പേര് ചേരി ചേരാനയം(നോണ്‍ അലൈന്മെന്റ്) എന്നായിരുന്നല്ലോ. ഇപ്പോള്‍ നിങ്ങള്‍ അത് മാറ്റി എല്ലാവരുമായും ബന്ധം വെയ്ക്കുന്ന നയം (ഓള് അലൈന്മെന്റ്) എന്നാക്കിയോ? നിങ്ങള്‍ നിങ്ങളുടെ ആവശ്യമനുസരിച്ച് രാജ്യങ്ങളുമായി സഖ്യം ഉണ്ടാക്കുന്നു. ഉദാഹരണത്തിന് അമേരിക്കയുമായി ബന്ധമുണ്ടാക്കുമ്പോള്‍ തന്നെ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നു. എന്ത് തരം വിദേശ നയമാണ് നിങ്ങളുടേത്. ഇത് നിങ്ങളുടെ യുഎസ് പങ്കാളിക്ക് (ആന്റണി ബ്ലിങ്കന്‍) ഇഷ്ടമാകുമെന്ന് കരുതുന്നുണ്ടോ?”- നിറയെ പരിഹാസത്താല്‍ കുത്തിനോവിക്കുന്നതും ശരിക്കും കുടുക്കുന്നതുമായ ചോദ്യമായിരുന്നു ജയശങ്കറിനെതിരെ ഉയര്‍ന്നത്.
മ്യൂണിച്ചില്‍ നടന്ന സുരക്ഷാകോണ്ഫറന്സില് ഇന്ത്യയുടെ വിദേശനയത്തെ പരിഹസിച്ചുയര്ന്ന ചോദ്യവും അതിനെ നിഷ്പ്രഭമാക്കുന്ന ജയശങ്കറിന്റെ മറുപടിയും:
പക്ഷെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി കൃത്യമായി മറുപടി നല്കിയപ്പോള് വേദിയിലിരുന്ന യുഎസ് പ്രതിരോധസെക്രട്ടറി ആന്റണി ബ്ലിങ്കനടക്കം ചമ്മലോടെ ചിരിക്കേണ്ടിവന്നു. അത്രയ്ക്ക് ഉത്തരം മുട്ടിക്കുന്ന, സങ്കീര്‍ണ്ണമായ മറുപടിയാണ് ജയശങ്കര്‍ നല്‍കിയത്. ഒരു പക്ഷെ മോദിയുടെ വിദേശകാര്യമന്ത്രിക്ക് മാത്രം നല്കാന് കഴിയുന്ന ഉത്തരം.
“താങ്കളുടെ ചോദ്യം വിവിധ സാധ്യതകള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണല്ലോ. അതെ, തീര്‍ച്ചയായും ഞങ്ങള്‍ അത് ചെയ്യും. ഞാന്‍ ബഹുവിധ സാധ്യതകള്‍ വ്യാപാരത്തിലും പങ്കാളിത്തത്തിലും ഉപയോഗപ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്? അത് ഒരു തെറ്റാണോ? അതിനെ എന്തുകൊണ്ടാണ് നിങ്ങള്‍ അരുതാത്ത ഒരു കാര്യമായി കാണുന്നത് ? വിവിധ രാജ്യങ്ങളില്‍ പങ്കാളികളെ കണ്ടെത്താനുള്ള എന്റെ മിടുക്കിനെ വാസ്തവത്തില്‍ വിമര്‍ശിക്കുന്നതിന് പകരം താങ്കളെന്നെ അഭിനന്ദിക്കുകയല്ലേ ചെയ്യേണ്ടത്?.”- ജയശങ്കറുടെ ഈ വിശദീകരണത്തിന് മുന്പില് പൊട്ടിച്ചിരിക്കാന്‍ മാത്രമേ യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കനും വേദിയില്‍ ഇരുന്ന ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലേന ബെയര്ബോക്കിനും കഴിഞ്ഞുള്ളൂ. ജയശങ്കറിന്റെ മറുപടിയ്ക്ക് വന്‍ കയ്യടിയായിരുന്നു സദസ്സില്‍ നിന്നും ഉയര്‍ന്നത്.
യൂറോപ്പ്, യൂഎസ് രാജ്യങ്ങളുടെ സങ്കീര്‍ണ്ണമായ നയതന്ത്രരീതികളിലേക്ക് ഇന്ത്യയും ഉയര്‍ന്നു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ജയശങ്കര്‍ നല്‍കിയത്. “ഇനി മുതല്‍ ലോകത്തില്‍ ഏകദിശയില്‍ മാത്രമുള്ള ബന്ധങ്ങള്‍ സാധ്യമല്ല. കാരണം അത്രയ്ക്കധികം സമ്മര്‍ദ്ദങ്ങളും പിടിച്ചുവലികളും പലഭാഗത്ത് നിന്നും ഉണ്ടാകുന്നുണ്ട്. വിവിധ രാജ്യങ്ങള്‍ക്കും വിവിധ ബന്ധങ്ങള്‍ക്കും വിവിധതരം ചരിത്രങ്ങളുണ്ട്. ഇപ്പോള്‍ യുഎസും ജര്‍മ്മനിയും തമ്മിലുള്ള ബന്ധം നോക്കുകയാണെങ്കില്‍ അവര്‍ തമ്മില്‍ പല സഖ്യകക്ഷി ബന്ധങ്ങളും ചരിത്രവും ഉണ്ട്. അതിന് മുകളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത്. ഇന്ത്യയുടെ കാര്യത്തില്‍ അത് തികച്ചും വ്യത്യസ്തമാണ്. പക്ഷെ അതിനര്‍ത്ഥം മനസാക്ഷിയില്ലാതെ വ്യാപാരം മാത്രം നോക്കി മുന്നേറുന്നവരാണ് ഞങ്ങള്‍ എന്ന് കരുതരുത്. തിടുക്കപ്പെട്ട് നിങ്ങള്‍ ഇന്ത്യയെക്കുറിച്ച് അങ്ങിനെയൊരു തീരുമാനത്തില്‍ എത്തിക്കൂടാ. ഞങ്ങള്‍ ആളുകളില്‍ വിശ്വസിക്കുന്നു. ആളുകളുമായി കാര്യങ്ങളും വിഭവങ്ങളും പങ്കുവെയ്ക്കുന്നു. പക്ഷെ നിങ്ങള്‍ പല തലങ്ങളിലും ഭാഗങ്ങളിലും നിന്നു വീക്ഷിക്കുമ്പോള്‍ അതില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കും. വാസ്തവത്തില്‍ ഈ ജീവിതം തന്നെ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ്. ലോകത്തിന്റെ സങ്കീര്‍ണ്ണതകളെ മുഴുവന്‍ ചില കാര്യങ്ങള്‍ മാത്രം കണക്കുകൂട്ടി നേരിട്ടുകൂടാ. ആ യുഗം നമ്മള് പിന്നിട്ടുകഴിഞ്ഞു. നല്ല പങ്കാളികള്‍ നല്ല അവസരങ്ങളും പരസ്പരം പങ്കുവെയ്ക്കും. മിടുക്കരായ ചില പങ്കാളികള്‍ അത്തരം അവസരങ്ങള്‍ ചിലപ്പോള്‍ ഉപയോഗിച്ചെന്നിരിക്കും. ചില സമയത്ത് നിങ്ങള്‍ ആ അവസരം വിട്ടുകളയുകയും ചെയ്യും. ഇന്ത്യയെ പാശ്ചാത്യവിരുദ്ധരായി ചിത്രീകരിക്കുന്ന ചിലരുണ്ട്. ഇന്ത്യ തീര്‍ച്ചയായും പാശ്ചാത്യ-ഇതരരാജ്യമാണ്. പക്ഷെ പാശ്ചാത്യരാജ്യങ്ങളുമായി അഗാധമായ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. പാശ്ചാത്യവിരുദ്ധം, പാശ്ചാത്യ ഇതരം എന്നീ വേര്‍തിരിവില്‍ ഒന്നു തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഇന്ത്യ ഒരു പാശ്ചാത്യ ഇതരരാജ്യമെന്നേ പറയൂ. അതിന് പാശ്ചാത്യ രാജ്യങ്ങളുമായി പലവിധത്തില്‍ അഗാധബന്ധമുണ്ട്. അത് അനുദിനം മെച്ചപ്പെടുകയുമാണ്.”- ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: