മാനന്തവാടി: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് രാഹുൽ ഗാന്ധി എം പി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദർശിച്ചത്. ഏഴ് മണിയോടെയാണ് അജീഷിന്റെ വീട്ടിലെത്തിയത്.
കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും വന്യജീവി ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും സ്വന്തം മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ രോഷമുയര്‍ന്നതിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുൽ വയനാട്ടിലെത്തിയത്.
അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽ ഗാന്ധി എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം മടങ്ങുകയായിരുന്നു. കെ.സി വേണുഗോപാൽ എം പി, ടി സിദ്ദിഖ് എംഎൽഎ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനം വാച്ചര്‍ പോളിന്റെ വീട് അദ്ദേഹം സന്ദർശിച്ചു.
പോളിന്റെ വീട്ടില്‍ നിന്നും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ നിന്ന് തിരിച്ച രാഹുൽ കൽപറ്റ ഗസ്റ്റ് ഹൗസിൽ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. ശേഷം മാധ്യമങ്ങളെ കാണും.
ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ അവിടെ നിന്ന് ദൽഹിക്ക് മടങ്ങും.
2024 ആരംഭിച്ചത് മുതല്‍ വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ഇത്രയും ദാരുണമായ സംഭവങ്ങള്‍ വയനാട്ടില്‍ നടന്നിട്ടും ഉത്തരവാദപ്പെട്ട എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി വരികയോ ഇവിടെ നടക്കുന്ന ജനകീയ വിഷയങ്ങള്‍ ഇടപെടുകയോ ചെയ്തിട്ടില്ല. ഇത് വിവാദമായപ്പോഴാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയില്‍ ജോഡോ ന്യായ് യാത്രയില്‍ നിന്ന് രാഹുല്‍ ഗാന്ധി മിന്നല്‍ സന്ദര്‍ശനത്തിനെത്തിയത്.
രാഹുല്‍ മണ്ഡലത്തില്‍ തിരിഞ്ഞുനോക്കാത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളിലും അഭിപ്രായവ്യത്യാസമുണ്ടാക്കിയിരുന്നു. രാഹുല്‍ ഗാന്ധി എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം വയനാട്ടിലെ കര്‍ഷക കൂട്ടായ്‌മ അദ്ദേഹത്തിന് വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നുപോലും പരിഗണിക്കുകയോ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തില്ല. വയനാട് സന്ദര്‍ശനവേളകളില്‍ വന്‍ റാലികള്‍ നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ട്രാക്ടര്‍ റാലി നടത്തിയെങ്കിലും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് അദ്ദേഹം സമയം ചെലവഴിച്ചത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാന്‍ അദ്ദേഹം തയ്യാറായില്ല. കര്‍ഷകര്‍ കൊല്ലപ്പെട്ടാല്‍ അനുശോചന സന്ദേശമയക്കുന്നതില്‍ കവിഞ്ഞ് ഒരു നടപടിയും എംപിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
ജനുവരി 31ന് മരിച്ചത് തോട്ടം കാവല്‍ക്കാരനായ തോല്‍പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണനാണ്. പിന്നീട് കഴിഞ്ഞ ശനിയാഴ്ച പയ്യംപള്ളി പനച്ചിയില്‍ അജീഷ്, പിന്നീട് കുറുവ ദ്വീപിലെ താല്‍കാലിക ജീവനക്കാരനായ പോള്‍ ഇവരല്ലാം ഇവരുടെ കുടുംബത്തിന്റെ അത്താണികളാണ്. ഒരോ മരണം കഴിയുമ്പോളും രാഹുലിന്റെ ഓഫീസില്‍ നിന്ന് ഒരു അനുശോചന കത്ത് വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലുടെ പ്രചരിപ്പിക്കും.
സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിരാത്ത എംപിയെ തെരഞ്ഞെടുത്തത് തെറ്റായിപ്പോയെന്ന നിഗമനത്തിലാണ് വയനാടന്‍ ജനത എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: