കൊല്‍ക്കത്ത: സന്ദേശ് ഖാലിയില്‍ നടമാടുന്ന തൃണമൂല്‍ അതിക്രമങ്ങള്‍ക്കെതിരായ പ്രതിഷേധം ബംഗാളിന് പുറത്തേക്കും. സുന്ദര്‍ബനിലെ ദ്വീപുകളില്‍ പിന്നാക്ക ഹിന്ദുവിഭാഗത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദേശവ്യാപകമായി ചര്‍ച്ച ചെയ്യണമെന്ന് സോഷ്യല്‍മീഡിയ. പോലീസ് അതിക്രമത്തില്‍ സാരമായി പരിക്കേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുന്‍ ഭാരത ക്രിക്കറ്റ് ക്യാപ്ടന്‍ സൗരവ് ഗാംഗുലിയും മിഥുന്‍ ചക്രബര്‍ത്തിയും അടക്കമുള്ള പ്രമുഖര്‍. ബിഎസ്പി നേതാവ് മായാവതി ബംഗാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
സന്ദേശ് ഖാലിയിലെ അതിക്രമങ്ങള്‍ക്ക് ജനങ്ങള്‍ തിരിച്ചടി നല്കുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍. ബംഗാളില്‍ ഒരു സര്‍ക്കാരില്ല. രാക്ഷസരാജാണ് അവിടെ. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന ഒരു ക്രിമിനലിനെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് മമതയുടേത്. സന്ദേശ് ഖാലിയിലെ സ്ത്രീകളെ പീഡനത്തിന്
ഇരയാക്കിയത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസിലാണെന്നത് പുറത്തുവന്നിട്ടും മമത നാണമില്ലാതെ ന്യായീകരിക്കുകയാണെന്ന് ഷാനവാസ് ഹുസൈന്‍ കുറ്റപ്പെടുത്തി.
ബിജെപി നേതാക്കളെ ക്രൂരമായി ആക്രമിക്കുകയാണ്. പോലീസ് ക്രിമിനലുകള്‍ക്ക് പാദസേവ ചെയ്യുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിയോഗിച്ച ആറംഗ ബിജെപി പ്രതിനിധി സംഘത്തെ പോലീസ് തടഞ്ഞു. എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുകാന്ത മജുംദാറിനെ ക്രൂരമായി മര്‍ദിച്ചു. മമതയുടെ ഗുണ്ടാരാജിന് ജനങ്ങള്‍ മറുപടി നല്കും, ഷാനവാസ് പറഞ്ഞു.
തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ മുഖ്യമന്ത്രി അനുവദിക്കണമെന്ന് അമിത് മാളവ്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇയാളുടെ ലൈംഗിക ചൂഷണത്തിനെതിരെ കൂടുതല്‍ സ്ത്രീകള്‍ പരസ്യമായി സംസാരിക്കുന്നു, എന്നിട്ടും മുഖ്യമന്ത്രി അയാളെ സംരക്ഷിക്കുകയാണ്. ഇത് ലജ്ജാകരമാണ്, അമിത് മാളവ്യ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കണമെന്ന് മായാവതി ആവശ്യപ്പെട്ടു. സന്ദേശ് ഖാലിയിലെ അതിക്രമങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് മായാവതി എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്പക്ഷമായി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: