രാമനാമം മഹാത്മാഗാന്ധിയുടെ ജീവിതത്തില്‍ ശ്വാസോഛ്വാസം പോലെ തന്നെ സ്ഥായീഭാവം ഉള്ളതായിരുന്നു. ബാല്യം മുതല്‍ ജീവിതാന്ത്യം വരെ ഇത് തുടര്‍ന്നു. മോഹന്‍ദാസില്‍ നിന്ന് മഹാത്മാവിലേക്കുള്ള വ്യക്തിത്വവികാസം സംഭവിച്ചതുപോലെ രാമനാമ സങ്കല്പത്തിലും വികാസം ഉണ്ടായി.
മോഹന്‍ദാസ് കുട്ടിയായിരുന്നപ്പോള്‍ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. ഇതില്‍നിന്ന് മോചനം കിട്ടാന്‍, ധൈര്യം നിലനിര്‍ത്താന്‍ വീട്ടിലെ ആയയായിരുന്ന രംഭയാണ് രാമനാമം ഉപദേശിച്ചത്. രാമനാമത്തിലൂടെ കുട്ടി ധൈര്യം അവലംബിച്ചു, ഒപ്പംതന്നെ രാമനാമം ഒരു ജീവിതചര്യയായി അദ്ദേഹം സ്വീകരിച്ചു. ദൈവചിന്ത നിറഞ്ഞ ഗൃഹാന്തരീക്ഷവും മാതാവായ പുത്ലിഭായിയുടെ വ്രതാനുഷ്ഠാനങ്ങളും സദ്ചിന്തകളും ഉപദേശങ്ങളും എല്ലാം ഇതിനു സഹായകമായി. ധൈര്യവും ആത്മവിശ്വാസവും നല്കുന്ന ഒരു ശക്തി സാന്നിധ്യം ആയിട്ടാണ് ആ ബാലന് രാമനാമം ആദ്യം അനുഭവമായത്. പിന്നീട് അത് ഇതിഹാസ നായകന്, ദശരഥ പുത്രന്, ജാനകി വല്ലഭന്, പുത്രധര്‍മ്മ പാലകന്, ഉത്തമ ഭരണാധികാരി, അവതാര പുരുഷന് എന്നീ നിലകളിലേയ്ക്ക് വികസിക്കുന്നു.
ശാസ്ത്രകാരന്റെ സൂക്ഷ്മ നിരീക്ഷണ പാടവത്തോടെ ജീവിതത്തെ സത്യാന്വേഷണമാക്കിമാറ്റിയ ഗാന്ധിജിയില്‍ മനുഷ്യന്, ഈശ്വരന്, പ്രപഞ്ചം എന്നിവയെക്കുറിച്ച്, ആത്മീയ വികാസത്തിലൂടെ, വ്യക്തമായ ബോധ്യപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ഒരു ഘട്ടത്തിലാണ് ഗാന്ധിജി ഇപ്രകാരം പറയുന്നത്. ‘എന്റെ രാമന്, എന്റെ പ്രാര്‍ത്ഥനാ വിഷയമായ രാമന്, ദശരഥ പുത്രനോ അയോദ്ധ്യാപതിയോ അല്ല. അദ്ദേഹം ചരിത്രപുരുഷനും അല്ല. അദ്ദേഹം അനശ്വരനും ജന്മ ഹരഹിതനും അദ്വിതീയനും ആണ്. (ഹരിജന്‍, 28.4.1946).
ഇതിഹാസ സന്ദര്‍ഭങ്ങളെയും സ്ഥലങ്ങളേയും ദേവാലയങ്ങളെയും ആരാധനയേയും നിഷേധിക്കണം എന്നല്ല ഇതുകൊണ്ട് ഗാന്ധിജി അര്‍ത്ഥമാക്കുന്നത്. ഒന്നാംക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഭൂമിയെക്കുറിച്ച് ധാരണയുണ്ടാക്കാന്‍ അദ്ധ്യാപിക ഒരു പന്തിന്റെ രൂപമാണ് പരിചയപ്പെടുത്തുന്നത്. ഹൈസ്കൂളിലും കോളജിലും ഭൂമിയെക്കുറിച്ച് പഠിപ്പിക്കുന്നതിന് കൂടുതല്‍ മികവുള്ള സങ്കേതങ്ങളാണ് ഉപയോഗപ്പെടുത്തുക. പിന്നീട് ഈ കുട്ടി ബഹിരാകാശ ശാസ്ത്രജ്ഞന് ആയാലും ഒന്നാം ക്ലാസിലെ അദ്ധ്യാപിക അവലംബിച്ച മാര്‍ഗം തെറ്റാണെന്ന് പറയാറില്ലല്ലോ? ഇതുതന്നെയാണ് ഗാന്ധിജിയും ഉദ്ദേശിച്ചത്. അഞ്ചു മാസങ്ങള്‍ക്കു ശേഷം, മറ്റൊരു സന്ദര്‍ഭത്തില്‍, ഗാന്ധിജി ഇപ്രകാരം വിശദീകരിക്കുന്നു. ‘ഞാന്‍ ആദ്യമൊക്കെ സീതാ കാന്തനായ രാമനെയാണ് ആരാധിച്ചിരുന്നത്. പിന്നീട് അറിവും അനുഭവവും വര്‍ദ്ധിച്ചപ്പോള്‍ എന്റെ രാമന് അനശ്വരനും സര്‍വ്വവ്യാപിയും ആയി തീര്‍ന്നു. അതിനര്‍ത്ഥം, രാമന് സീതാകാന്തന്‍ അല്ലാതായി തീര്‍ന്നു എന്നല്ല, സീതാകാന്തന്‍ എന്ന സങ്കല്‍പ്പത്തിന്റെ അര്‍ത്ഥം രാമനെ കുറിച്ചുള്ള ദര്‍ശനത്തോടൊപ്പം വികസിച്ചു. ലോകത്തിന്റെ പരിണാമവും അങ്ങനെയാണല്ലോ സംഭവിക്കുന്നത്?”
”രാമനെ ദശരഥ പുത്രന് ആയി മാത്രം കാണുന്ന ഒരാള്‍ക്ക് അദ്ദേഹം സര്‍വ്വവ്യാപി ആകുകയില്ല. പക്ഷേ രാമന് ഈശ്വരനാണെന്ന് കരുതുന്ന ആളിന് സര്‍വ്വവ്യാപിയായ രാമന്റെ പിതാവും സര്‍വ്വവ്യാപിയായി തീരും. പിതാവും പുത്രനും ഒന്നായിത്തീരും.’ (ഹരിജന്‍, 22.9.1946)
വേദാന്ത പൊരുളിന്റെ പ്രയോഗത്തെ കുറിച്ച് സമാജത്തെ ഉദ്ബോധിപ്പിച്ച സ്വാമി വിവേകാനന്ദനെ പോലെ; ഗാന്ധിജി ഇവിടെ ആദ്ധ്യാത്മികതയുടെ നിത്യജീവിത സാധ്യതകളെ കുറിച്ചാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു ‘രാമനാമത്തെ വിശ്വസിക്കുന്നവനെ സംബന്ധിച്ചിടത്തോളം ശരീരം ഈശ്വര സേവനത്തിനുള്ള ഉപാധി മാത്രമാണ്.’ (രാമനാമം, പുറം 41)
ഗീതയിലെ സ്ഥിതപ്രജ്ഞന് തന്നെയാണ് രാമ ഭക്തന് (ഹരിജന്‍, 26.9.1947). പ്രാര്‍ത്ഥന, ക്ഷേത്ര ദര്‍ശനം എന്നിവയുടെ ആവശ്യകതകളെക്കുറിച്ച് അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു. ‘ഈശ്വരന് നമ്മില്‍ നിന്ന് ഭിന്നമായ ഒരു വ്യക്തിയല്ല, പ്രപഞ്ചത്തില്‍ നിന്നും അകന്നുനില്ക്കുന്ന ഒരാളും അല്ല. അദ്ദേഹം എങ്ങും വ്യാപിച്ച് നില്ക്കുന്നു. അദ്ദേഹം സര്‍വ്വജ്ഞനും സര്‍വ്വശക്തനും ആണ്. അദ്ദേഹത്തിന് കീര്‍ത്തനങ്ങളോ പ്രാര്‍ത്ഥനകളോ ഒന്നും ആവശ്യമില്ല. എല്ലാറ്റിന്റേയും ഉള്ളില്‍ കുടികൊള്ളുന്നതുകൊണ്ട് അദ്ദേഹം എല്ലാം കേള്‍ക്കുന്നു. നമ്മുടെ അത്യഗാധമായ ചിന്തകള്‍ പോലും മനസ്സിലാക്കുന്നു. അദ്ദേഹം നമ്മുടെ ഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്നു. നഖങ്ങള്‍ കൈവിരലുകളോട് എത്ര അടുത്താണോ അതിലേറെ അടുപ്പം അദ്ദേഹത്തിന് നമ്മളോട് ഉണ്ട്. അതുകൊണ്ട് അദ്ദേഹത്തോട് എന്തെങ്കിലുമൊക്കെ അഭ്യര്‍ത്ഥിക്കേണ്ട കാര്യമുണ്ടോ? ഈ ഒരു വൈഷമ്യം (ആശയക്കുഴപ്പം) ഉള്ളതുകൊണ്ടാണ് പ്രാര്‍ത്ഥനയെ ആത്മശുദ്ധീകരണം എന്ന് പരാവര്‍ത്തനം ചെയ്യുന്നത്. പ്രാര്‍ത്ഥനാവേളയില്‍ ഉറക്കെ കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോള്‍ നാം ഈശ്വരനെ അല്ല നമ്മെ തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. അത് നമ്മുടെ ജഡതയെ അകറ്റി കളയുന്നു. നമ്മില്‍ ചിലര്‍ക്കൊക്കെ ബുദ്ധിപരമായി ഈശ്വരനെക്കുറിച്ച് അറിവുണ്ട്. പലരും സംശയ ഗ്രസ്ഥരുമാണ്. ആരും അദ്ദേഹത്തെ അഭിമുഖമായി കണ്ടിട്ടില്ല. അദ്ദേഹം ആരെന്ന് അറിയുന്നതിനും അദ്ദേഹത്തെ സാക്ഷാത്കരിക്കുന്നതിനും അദ്ദേഹത്തോട് സാത്മ്യം പ്രാപിക്കുന്നതിനും നാമാഗ്രഹിക്കുന്നു. ആ ആഗ്രഹം പ്രാര്‍ത്ഥനയിലൂടെ നിറവേറ്റുന്നതിന് നാം ശ്രമിക്കുന്നു. (ഗാന്ധിജി, ആശ്രമാനുഷ്ഠാനങ്ങള്, പേജ് ,36)
തിരുവതാംകൂറിലെ ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം സാമൂഹ്യ പരിഷ്കര്‍ത്താവായ അയ്യങ്കാളിയുടെ ഗ്രാമമായ വെങ്ങാനൂരില്‍ 1937 ല്‍ ഗാന്ധിജി സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നടത്തിയ പ്രസംഗത്തില്‍, ക്ഷേത്രദര്‍ശനത്തിന്റെ അനിവാര്യതയേയും പ്രയോജനത്തെയും കുറിച്ച് ഗാന്ധിജി ഇപ്രകാരം വ്യക്തമാക്കുന്നു.
‘നമ്മള് ക്ഷേത്രങ്ങളെ സമീപിക്കേണ്ടത് വിനയത്തോടെ, പശ്ചാത്താപത്തോടെ ആയിരിക്കണം. ഈശ്വരന് പല പാര്‍പ്പിടങ്ങളും ഉണ്ട്. ഓരോ മനുഷ്യരൂപത്തിലും അദ്ദേഹം കുടികൊള്ളുന്നു. സൃഷ്ടിയുടെ ഓരോ തരിയിലും ഈ ഭൂമുഖത്തുള്ള എല്ലാത്തിലും അദ്ദേഹം സ്ഥിതി ചെയ്യുന്നു. പക്ഷേ, ഈശ്വരന് എല്ലായിടത്തും ഉണ്ടെന്ന് മനസ്സിലാക്കാന്‍ നമ്മെപ്പോലെ പിഴ പറ്റാവുന്ന നശ്വര ആത്മാക്കള്‍ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് ക്ഷേത്രങ്ങള്‍ക്ക് നാം പ്രത്യേകമായ പരിശുദ്ധി കല്പിക്കുന്നു. ഈശ്വരന് അവിടെ കുടികൊള്ളുന്നുണ്ട് എന്ന് കരുതുന്നു. അതുകൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ നാം നമ്മുടെ മനസ്സും ഹൃദയവും ശരീരവും എല്ലാം ശുദ്ധമാക്കണം. പ്രാര്‍ത്ഥനാനിര്‍ഭരമായ മനോഭാവത്തോടെ വേണം നാം ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍. നമ്മെ കൂടുതല്‍ ബുദ്ധിയുള്ള സ്ത്രീ-പുരുഷന്മാര് ആക്കി തീര്‍ക്കണമെന്ന് നാം ഈശ്വരനോട് അപേക്ഷിക്കണം. വൃദ്ധനായ ഈ ഞാന്‍ പറയുന്ന ഉപദേശം നിങ്ങള്‍ കൈക്കൊള്ളുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഇന്ന് ലഭിച്ചിരിക്കുന്ന ഭൗതികമായ വിമോചനം ആത്മീയമായ വിമോചനം കൂടിയായി തീരും.'(ഗാന്ധിജി14/1/1937).
ആത്മീയതയുടെ പാതയില്‍ ആരംഭം കുറിക്കുന്നവരും ഏറെ വികാസം സിദ്ധിച്ചവരും ഒരേ രീതീശാസ്ത്രമല്ല സ്വീകരിക്കേണ്ടത് എന്നാണ് ഗാന്ധിജി വ്യക്തമാക്കുന്നത്.
(സര്‍വ്വോദയ ദര്ശന് ട്രസ്റ്റ് ചെയര്‍മാനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: