എഴുപത് കൂറ്റന്‍ തൂണുകളില്‍ ഒന്നു മാത്രം നിലം തൊടാതെ വിസ്മയിപ്പിക്കുന്ന കാഴ്ച. ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലുള്ള വീരഭദ്ര ക്ഷേത്രത്തിലാണ് ഈ അതിശയക്കാഴ്ചയുള്ളത്. ഒരു സ്തംഭം മാത്രം മേല്‍ക്കൂരയില്‍ നിന്ന് നിലത്തു തൊടാതെ നിലകൊള്ളുന്നു. സ്തംഭത്തിനും നിലത്തിനും ഇടയിലുള്ള ഈ മാന്ത്രിക വിടവ്, സ്തംഭത്തിനു കീഴില്‍ ഒരു തുണി ഇട്ട് ആളുകള്‍ പരിശോധിക്കുന്നത് പതിവാണ്.
ശിവന്റെ ഉഗ്രാവതാരമായ വീരഭദ്രന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ലേപാക്ഷിയിലുള്ള വീരഭദ്ര ക്ഷേത്രം.
വിജയനഗരത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രങ്ങളിലൊന്ന്. ലേപാക്ഷി ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. സങ്കീര്‍ണ്ണമായ രൂപകല്‍പ്പനയും വാസ്തുവിദ്യയും ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സ്മാരകമാക്കി മാറ്റുന്നു. ആമയുടെ ആകൃതിയിലുള്ള കൂര്‍മശൈലം എന്നറിയപ്പെടുന്ന പാറക്കെട്ടിലാണ് നിര്‍മ്മിതി. വിജയനഗര സാമ്രാജ്യത്തിലെ രാജാവായിരുന്ന അച്യുതരായയുടെ കാലത്താണ് ക്ഷ്രേതം പണിതത്.
ക്ഷേത്രഘടന
പതിനാറാം നൂറ്റാണ്ടില്‍ പണിത ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വിജയനഗര ശൈലിയിലാണ്. പ്രധാന ക്ഷേത്രത്തിന് ശ്രീകോവില്‍ ഉള്‍പ്പെടെ മൂന്ന് ഭാഗങ്ങളുണ്ട്. ക്ഷേത്രത്തില്‍ ഹനുമാന്റെയും സീതാദേവിയുടെയും കാല്‍പ്പാടുകള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അഗസ്ത്യ മുനി ഇവിടെ ഒരു ഗുഹാമണ്ഡപത്തിലാണ് താമസിച്ചിരുന്നതെന്നും പറയപ്പെടുന്നു.
20 അടി ഉയരവും 30 അടി നീളവുമുള്ള ഗ്രാനൈറ്റില്‍ തീര്‍ത്ത നന്ദി (കാള) വിഗ്രഹവും അതി ഗംഭീരമാണ്. ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയാണ് നന്ദിയുടെ സ്ഥാനം. ഒറ്റ കല്ലില്‍ കൊത്തിയെടുത്തതാണ് ഇത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായതിനാല്‍ നിരവധി കന്നഡ ലിഖിതങ്ങള്‍ ഇവിടെ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: