മലയാള സിനിമയെ യുവതാരങ്ങള്‍ നിറഞ്ഞാടുന്ന പ്രേമലു ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഈ വിജയത്തോടൊപ്പം സന്തോഷിക്കുന്ന ഒരു പഴമക്കാരന്‍ കൂടിയുണ്ട്, കെജി മാര്‍ക്കോസ്. പ്രേമലുവിലൂടെ മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തേക്ക് ഒരു റീ എന്‍ട്രി നടത്തിയിരിക്കുകയാണ് കെജി മാര്‍ക്കോസ്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ പാടിയിട്ടുള്ള ആ ഗായകന്റെ ശബ്ദം വീണ്ടും തീയേറ്ററുകളെ കുരിളണിയിപ്പിക്കുകയാണ്.
ഈയ്യടുത്തിറങ്ങിയ ഓസ്ലറിലെ പൂമാനമേ എന്ന പാട്ടിന്റെ ഒറിജിനല്‍ പതിപ്പ് പാടിയത് കെജി മാര്‍ക്കോസ്. ആ പാട്ട് പുതിയ ഭാവത്തില്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് കെജി മാര്‍ക്കോസും റീഎന്‍ട്രി നടത്തുന്നിടെ. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തേയും കരിയറിനേയും ഉലച്ചു കളഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് കെജി മാര്‍ക്കോസ്.
1984 ഫെബ്രുവരി 17 നുണ്ടായൊരു വാഹനാപകടമാണ് കെജി മാര്‍ക്കോസിന്റെ കരിയറില്‍ പോലും വലിയൊരു പ്രതിസന്ധിയായി മാറുന്നത്. ഇതേക്കുറിച്ച് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ കെജി മാര്‍ക്കോസ് മനസ് തുറക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
”അതൊരു ദുഃഖകരമായ സംഭവമാണ്. നല്ലൊരു ബാനറിന്റെ കീഴില്‍, പുതുമയുള്ള കഥ അവതരിപ്പിക്കപ്പെട്ട നിറക്കൂട്ട് എന്ന സിനിമയില്‍ ഞാന്‍ പാടിയ പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ വലിയൊരു പ്രതീക്ഷയായിരുന്നു. ആ സമയത്ത് ഞാന്‍ സിനിമയില്‍ വന്നിട്ട് നാലഞ്ചു വര്‍ഷമേ ആയിരുന്നുള്ളൂ. ആ പാട്ടിലൂടെ മുന്പോട്ടുള്ള വഴി തുറന്നു കിട്ടുകയാണല്ലോ എന്നൊക്കെ വിചാരിച്ചു. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്” എന്നാണ് കെജി മാര്‍ക്കോസ് പറയുന്നത്.
പൂമാനമേ എന്ന പാട്ട് ഹിറ്റായി നില്ക്കുന്ന സമയത്താണ് മാര്‍ക്കോസ് ഗാനമേളയ്ക്കായി അബുദാബിയിലേക്കു പോകുന്നത്. ”എനിക്കൊപ്പം കോട്ടയത്തു നിന്ന് ലീന ജേക്കബ് എന്ന ഗായികയും അവരുടെ അമ്മയും ഉണ്ടായിരുന്നു. അവിടെ ചെന്ന് ആദ്യ ഗാനമേള വിജയകരമായി പൂര്‍ത്തിയാക്കി രണ്ടാമത്തെ പരിപാടിക്കായി ഞങ്ങള്‍ അല്‍എയ്നിലേക്കു പോകുംവഴിയാണ് അപകടം ഉണ്ടാകുന്നത്. അതൊരു ഫെബ്രുവരി 17 ആയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്” എന്നാണ് അദ്ദേഹം പറയുന്നത്.
ടയര്‍ പൊട്ടി നിയന്ത്രണം വിട്ട കാര്‍ അടുത്തുള്ള പോസ്റ്റില്‍ തട്ടി കരണം മറിയുകയായിരുന്നു. അപകടത്തില്‍ ഗായിക ലീനയുടെ അമ്മയും പരിപാടിയുടെ സംഘാടകരിലൊരാളായ രാജു നസ്രത്തും മരണപ്പെട്ടു. വണ്ടിയിലുണ്ടായിരുന്ന താനുള്‍പ്പെടെയുള്ള മൂന്നു പേര് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നാണ് കെജി മാര്‍ക്കോസ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മൂന്നു മാസം അല്‍എയ്നിലെ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. നാട്ടില്‍ വന്നിട്ടും അഞ്ചാറു മാസം കിടപ്പിലായിരുന്നുവെന്നും മാര്‍ക്കോസ് പറയുന്നു.
ഇതോടെയാണ് താന്‍ സിനിമയില്‍ നിന്ന് അകന്നു പോകുന്നതെന്നാണ് മാര്‍ക്കോസ് പറയുന്നത്. അന്ന് പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നത് മദ്രാസില്‍ ആയിരുന്നു. അത്രയും ദൂരം യാത്ര ചെയ്യുക മാര്‍ക്കോസിന് ബുദ്ധിമുട്ടായിുരന്നു. ആരെങ്കിലും ഒരാള്‍ എപ്പോഴും കൂടെ വേണം എന്നതായിരുന്നു അവസ്ഥ. അപകടത്തില്‍ വലതുപാദം ഒടിഞ്ഞു തിരിഞ്ഞു പോയിരുന്നു. വലതു തുടയിലെ എല്ല് മുട്ടിനു മുകളില്‍വച്ച് മുറിഞ്ഞതിനൊപ്പം താഴേക്കുള്ള രക്തക്കുഴലും മുറിഞ്ഞിരുന്നു. ഇടതു തോളെല്ല് ഒടിഞ്ഞു. ഇടതു കൈയിലും പരുക്കുണ്ടായിരുന്നുവെന്നാണ് മാര്‍ക്കോസ് പറയുന്നത്.
താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്നും അദ്ദേഹം പറയുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ ഡോര്‍ തുറന്ന് പുറത്തേക്കു തെറിച്ചില്ലായിരുന്നെങ്കില്‍ തന്റെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. പതിയെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തി. പക്ഷേ, സിനിമയില്‍ സജീവമാകാന്‍ പിന്നെയും 5 വര്‍ഷമെടുത്തുവെന്നും അദ്ദേഹം പറയുന്നുണ്ട്. പിന്നീട് ഗോഡ്ഫാദര് എന്ന സിനിമയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: