കോണ്‍ഗ്രസ് വിട്ടത് എന്തുകൊണ്ട്?
കോണ്‍ഗ്രസില്‍ നില്‍ക്കുന്നത് സമയവും അധ്വാനവും പാഴാക്കലാണ്. ആ പാര്‍ട്ടിക്ക് ഒരു ദിശയും കാഴ്ചപ്പാടുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും പദ്ധതികളില്ല. കോണ്‍ഗ്രസ് എനിക്ക് പദവികള്‍ തന്നുവെന്ന് നിങ്ങള്‍ പറയുന്നു. അത് പക്ഷെ വെറുതെയല്ല, എന്റെ കഠിനാധ്വാനം കൊണ്ടാണ്. അവര്‍ക്ക് രാജ്യത്തെ കുറിച്ച് ഒരു ധാരണയുമില്ല. മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നോക്കൂ. അദ്ദേഹത്തിന് രാഷ്ട്രമാണെല്ലാം. അദ്ദേഹത്തിന്റെ ടീമില്‍ ഉള്‍പ്പെടുക എന്നതിന് അപ്പുറം മികച്ച ഒരു ഓപ്ഷന് ഇപ്പോള്‍ രാജ്യത്ത് ആര്‍ക്ക് മുന്നിലും വേറെയില്ല.
കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദമാണെന്ന് കോണ്‍ഗ്രസ് പറയുന്നു?
ഇതൊരു നുണയാണ്. എന്നെ പഴിക്കുന്നതിന് പകരം അവര്‍ നന്നാകാന്‍ നോക്കട്ടെ. ആദര്‍ശ് കേസില്‍ എനിക്കെതിരെ കോടതിയില്‍ ഒരു കേസുമില്ല. അതൊരു രാഷ്ട്രീയ അബദ്ധമായിരുന്നു. സംസ്ഥാനത്തും കേന്ദ്രത്തിലും കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴാണ് അത് സംഭവിച്ചത്. ഒരാളെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്തായാലും ഞാനിപ്പോള്‍ അവിടില്ല. പക്ഷേ അഴിമതിയുടെ കറ അവിടെത്തന്നെയാണ്. അതിനര്‍ത്ഥം അഴിമതി ആ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നു എന്നാണ്. അവര്‍ക്ക് സ്ഥാനമാനങ്ങളിലേക്കുള്ള മത്സരത്തില്‍ ഇനി എന്നെ പരിഗണിക്കേണ്ടതില്ല എന്ന ആശ്വാസമാകും.
ബിജെപി വര്‍ഗീയമാണെന്നാണ് ആരോപണം?
ഒരു മാറ്റവും ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. ബിജെപി രാഷ്ട്രത്തിന്റെ ഭാവിയെ ആണ് മുന്നില്‍കാണുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. വര്‍ഗീയം, മതേതരം എന്നതൊക്കെ പ്രസംഗവേദിയിലെ വാചാടോപങ്ങള്‍ മാത്രമാണ്. ഈ കാലഘട്ടത്തിന്റെ ആവശ്യം കാണേണ്ടതുണ്ട്. മതേതരത്വത്തേക്കാള്‍, ഭാവിയെ അഭിമുഖീകരിക്കാന്‍ ഒരു രാഷ്ട്രമെന്ന നിലയില്‍ നാം എത്രത്തോളം തയാറാണ് എന്നതാണ് പ്രധാനം.
പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ മാനസികാവസ്ഥ തന്നെ മാറ്റിയെടുത്തു. എല്ലാവരും നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. മതം മാത്രം നോക്കിയിരിക്കുന്നവരാണ് ഇപ്പോഴും മതേതരം, വര്‍ഗീയം, ജാതി തുടങ്ങിയ കാര്യങ്ങള്‍ പറയുന്നത്.
കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുമോ?
ഒരാളോടും ഒപ്പം വരാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. പക്ഷേ ആ പാര്‍ട്ടിയില്‍ എല്ലാവര്ക്കും അസംതൃപ്തിയുണ്ട്. അവര്‍ ഭാവിയെപ്പറ്റി ആശങ്കാകുലരാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാത്ത, വിജയത്തെകുറിച്ച് സ്വപ്നം പോലും കാണാത്ത ഒരു പാര്‍ട്ടിയില്‍ എങ്ങനെ ആളുകള്‍ നില്‍ക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: