കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ സീറ്റു വിജനത്തില്‍ ധാരണയുണ്ടാക്കാനായുള്ള കോണ്‍ഗ്രസ്-സിപിഎം ചര്‍ച്ച പൊളിഞ്ഞു. വ്യാഴാഴ്ച നടത്താനിരുന്ന ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.
ചര്‍ച്ചയ്ക്കായി സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ കാണാനായി സിപിഎം സെക്രട്ടറി മുഹമ്മദ് സലീം മുര്ഷിദാബാദിലെത്തിയിരുന്നു. എന്നാല്‍ ചൗധരിയെ കാണാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവച്ചത്. അധീര്‍ രഞ്ജന്‍ ചൗധരിക്ക് മറ്റുപരിപാടികള്ക്കിടെ സമയം കിട്ടാഞ്ഞതുകൊണ്ട് കൂടിക്കാഴ്ച നടന്നില്ലെന്നും ചര്‍ച്ച പിന്നീട് കൊല്‍ക്കത്തയില്‍ നടക്കുമെന്നും സലീം അറിയിച്ചു.
അതേസമയം, ചര്‍ച്ചയുടെ ദിവസമോ സമയമോ പരസ്പരം സംസാരിച്ച് തീരുമാനിച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ വാദം. അതുകൊണ്ട്് മുന്‍നിശ്ചയിച്ച പരിപാടികള്‍ക്കായി അധീര്‍ രഞ്ജന്‍ ചൗധരിക്ക് പോകേണ്ടിവന്നു.
എന്നാല്‍, മുന്നൊരുക്കത്തിന് കുറച്ചുകൂടി സമയം കിട്ടാനാണ് അധീര്‍ രഞ്ജന്‍ ചൗധരി ചര്‍ച്ച വേണ്ടെന്നുവച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് സലീം ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സിപിഎമ്മിന്റെ മുര്‍ഷിദാബാദ് ജില്ലാകമ്മിറ്റി യോഗത്തിനുശേഷം അധീര്‍ രഞ്ജന്‍ ചൗധരിയെ കാണാനാണ് തീരുമാനിച്ചിരുന്നതെന്നും മുഹമ്മദ് സലീം വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്തയില്‍ വച്ചുള്ള ചര്‍ച്ചയുടെ തീയതിയോ സമയമോ അറിയിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: