റാഞ്ചി: പുതിയ ചമ്പായി സോറൻ സർക്കാർ സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജാർഖണ്ഡ് ഗവർണർ സി.പി. രാധാകൃഷ്ണൻ. സംസ്ഥാനത്ത് ജെഎംഎം നേതൃത്വത്തിലുള്ള പുതിയ സഖ്യത്തിലെ എട്ട് മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ.
സർക്കാരിൽ നിന്നുള്ള തന്റെ ആദ്യ പ്രതീക്ഷ ക്രമസമാധാനത്തിലാണെന്ന് വ്യക്തമാക്കിയ ഗവർണർ ഗുണ്ടാസംഘങ്ങളെയും അവരുടെ നേതാക്കളെയും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കാൻ അവരെ അനുവദിക്കരുതെന്നും സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ ആശങ്ക പ്രകടിപ്പിച്ച രാധാകൃഷ്ണൻ പറഞ്ഞു.
ചമ്പായി സോറൻ സർക്കാർ ഈ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ക്രമസമാധാനപാലനത്തിന് പുറമെ സംസ്ഥാനത്തെ യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിന് പുതിയ സർക്കാർ മുൻഗണന നൽകണമെന്ന് ഗവർണർ പറഞ്ഞു.
ഇതിന് പിന്തുണയെന്നോണം സർവ്വകലാശാലകളിലേക്ക് അധ്യാപക-അനധ്യാപക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു പ്രത്യേക ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കണമെന്ന് താൻ സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ജെഎംഎമ്മിന്റെ ചൈബാസ എംഎൽഎ ദീപക് ബിരുവ, ജെഎംഎം മേധാവി ഷിബു സോറന്റെ ഇളയ മകനും ജയിലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇളയ സഹോദരനുമായ ബസന്ത് സോറൻ എന്നിവരാണ് 11 അംഗ മന്ത്രിസഭയിലെ പുതിയ മുഖങ്ങൾ.
ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ജനുവരി 31 ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന്ഫെബ്രുവരി രണ്ടിന്, 67 കാരനായ ചമ്പായി സോറൻ സംസ്ഥാനത്തിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: