രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഭാരതത്തിന്റെ മൂന്നാം ടെസ്റ്റ് തുടങ്ങും മുമ്പ് രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക്.
രാവിലെ കളിക്ക് തൊട്ടുമുമ്പായി ഫൈനല്‍ ഇലവനെ അവതരിപ്പിച്ചു. അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ താരത്തിന് തൊപ്പി നല്കി സ്വീകരിക്കുന്ന ചടങ്ങിലായിരുന്നു ഹൃദയം കവര്‍ന്ന രംഗങ്ങള്‍. കെ.എല്‍. രാഹുല്‍ ടീമലുണ്ടാവില്ലെന്ന സാഹചര്യത്തില്‍ സര്‍ഫറാസ് ഫൈനല്‍ ഇലവനില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
ടീം നായകന് രോഹിത് ശര്‍മ, പ്രധാന പരിശീലകന് രാഹുല്‍ ദ്രാവിഡിന് കീഴിലുള്ള പരിശീലക സംഘം, മറ്റ് ടീം അംഗങ്ങള്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ ഭാരത സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ ആണ് താരത്തിന് തൊപ്പി നല്കി ടീമിലേക്ക് വരവേറ്റത്. ഈ സമയം മൈതാനത്തിനരികിലേക്കെത്തിയ പിതാവ് നൗഷാദ് ഖാന്, ഭാര്യ റോമാനാ സഹൂര്‍ ആനന്ദ കണ്ണീര് പൊഴിക്കുന്നുണ്ടായിരുന്നു.
അരങ്ങേറ്റ ചടങ്ങിന് ശേഷം ഇവര്‍ക്കരികിലേക്ക് ഓടിയെത്തിയ സര്‍ഫറാസും വിതുമ്പി. ഇവിടേക്കെത്തിയ രോഹിത് ശര്‍മ പിതാവുമായി സംസാരിച്ചു. ഹസ്തദാനം നല്‍കിയാണ് രംഗം പിരിഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായ സര്‍ഫറാസിന്റെ ഭാരത ടീമിലേക്കുള്ള പ്രവേശം രാജ്യത്തെ ഓരോ ക്രിക്കറ്റ് പ്രേമികളും കാത്തിരിക്കുകയായിരുന്നു. 26കാരനായ സര്‍ഫറാസ് ആദ്യ അവസരവും ഗംഭീരമാക്കിയാണ് ക്രീസ് വിട്ടുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: