കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സബ് കലക്ടര്‍ കെ.മീര അപകട സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അപകടത്തെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വീടുകള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു. ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ പറഞ്ഞു. കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി. വി. ജയേഷ് തുടങ്ങിയവരും പോലീസ് ഉദ്യോഗസ്ഥരും സബ് കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പെടെ ഒന്‍പത് പേരെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവില്‍പോയ ഇവരെ ഇടുക്കി ചിന്നക്കനാലില്നിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
















